കോഴിക്കോട്: നവീകരിച്ച താമരശേരി ചുരം റോഡ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു. വനഭൂമി വിട്ടുകിട്ടിയതിന്‍റെ ഭാഗമായി വീതി കൂട്ടി നവീകരിച്ച മൂന്ന്, അഞ്ച് വളവുകളില്‍ പൂര്‍ത്തിയായ പ്രവൃത്തികളും രണ്ടാം വളവിനും ചിപ്പിലിത്തോടിനും ഇടയില്‍ പ്രളയത്തില്‍ തകര്‍ന്ന ഭാഗത്ത് നിര്‍മിച്ച സംരക്ഷണ ഭിത്തിയുമാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. ചുരം വികസനത്തിന്‍റെ ഭാഗമായി അഞ്ച് വളവുകള്‍ വീതി കൂട്ടുന്നതിന്‍റെ ഭാഗമായാണ് ആറ് കോടി ചെലവഴിച്ച് മൂന്ന്, അഞ്ച് വളവുകള്‍ നവീകരിച്ചത്. സംരക്ഷണ ഭിത്തി, ബിഎംബിസി റോഡ് പുനര്‍നിര്‍മാണം, കോണ്‍ക്രീറ്റ് ഓവുചാല്‍ എന്നി പ്രവൃത്തികളാണ് പൂര്‍ത്തീകരിച്ചത്. രണ്ടു വളവുകളിലുമായി 190 മീറ്റര്‍ നീളത്തിലും 14 മീറ്റര്‍ ഉയരത്തിലുമായി കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തി, 15 മീറ്റര്‍ വീതിയില്‍ റോഡ് എന്നിവ നിര്‍മ്മിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ 32. 5 ലക്ഷം കേന്ദ്ര വനം മന്ത്രാലയത്തിന് അടച്ചതിന് ശേഷമാണ് നവീകരണത്തിനായി 225 സെന്‍റ് വനഭൂമി വിട്ടുകിട്ടിയത്. ആറ്, ഏഴ്, എട്ട് വളവുകള്‍ വീതി കൂട്ടി നവീകരിക്കാന്‍ കൂടുതല്‍ തുക ആവശ്യമായതിനാല്‍ കേന്ദ്ര ഗതാഗത മന്ത്രാലയത്തിനോട് അനുമതി അഭ്യര്‍ഥിച്ചിട്ടുണ്ട്.
നവീകരണ പ്രവൃത്തി പൂര്‍ത്തിയായ താമരശ്ശേരി ചുരം റോഡ് ഉദ്ഘാടനം ചെയ്തു - മന്ത്രി ജി സുധാകരന്‍
വനഭൂമി വിട്ടുകിട്ടിയതിന്‍റെ ഭാഗമായി വീതി കൂട്ടി നവീകരിച്ച മൂന്ന്, അഞ്ച് വളവുകളില്‍ പൂര്‍ത്തിയായ പ്രവൃത്തികളും പ്രളയത്തില്‍ തകര്‍ന്ന ഭാഗത്ത് നിര്‍മിച്ച സംരക്ഷണ ഭിത്തിയുമാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്
പ്രളയത്തില്‍ 50 മീറ്റര്‍ നീളത്തിലാണ് സംരക്ഷണ ഭിത്തിയടക്കം ഇടിഞ്ഞ് താഴ്ന്നത്. ഇവിടെ താല്‍ക്കാലിക സംവിധാനമൊരുക്കി ഗതാഗതം പുനസ്ഥാപിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ അടിയന്തിരമായി 1.86 കോടി അനുവദിച്ചാണ് കോണ്‍ക്രീറ്റ് സംരക്ഷണഭിത്തിയും 250 മീറ്റര്‍ നീളത്തില്‍ ഓവുചാലും നിര്‍മ്മിച്ച് ഗതാഗതയോഗ്യമാക്കിയത്. ചുരം ഉള്‍പ്പെടുന്ന ദേശീയപാത 766ന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി കേന്ദ്രസര്‍ക്കാറിന്‍റെ സാങ്കേതിക പഠനം പൂര്‍ത്തീകരിച്ചുവരികയാണ്. ജോര്‍ജ് എം തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ദേശീയപാത വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ വിനയരാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ രാകേഷ്, ജില്ലാ പഞ്ചായത്ത് അംഗം വി ഡി ജോസഫ് എന്നിവര്‍ സംസാരിച്ചു.