കോഴിക്കോട്: വാണിമേല്‍ പുഴയിലെ ചുഴിയിൽ അകപ്പെട്ട അഞ്ച് പേർക്ക് രക്ഷകരായി രണ്ട് വിദ്യാര്‍ഥികള്‍. വാണിമേല്‍ സിസി മുക്കിലെ പടിക്കലക്കണ്ടി അമ്മതിന്‍റെ മകന്‍ മുഹൈമിന്‍(15), വയലില്‍ മൊയ്തുവിന്‍റെ മകന്‍ ഷാമില്‍ (14) എന്നിവരാണ് അഞ്ച് പേരുടെ ജീവന്‍ രക്ഷിച്ച് നാടിന് അഭിമാനമായത്. കന്നുകുളം കൂട്ടായ്ചാലില്‍ സുരേന്ദ്രന്‍റെ മകള്‍ ബിന്‍സി(22) സഹോദരി സജിത (36) സഹോദരി മക്കളായ ആഷ്‌ലി (23) ഫിദുല്‍ (13) അഥുന്‍ (15) എന്നിവരാണ് പുഴയില്‍ മുങ്ങി പോയത്.
പുഴയിലെ ചുഴിയില്‍പ്പെട്ട അഞ്ച് പേരെ രക്ഷിച്ച് വിദ്യാര്‍ഥികള്‍ - മുങ്ങിമരണം
വാണിമേല്‍ സിസി മുക്കിലെ പടിക്കലക്കണ്ടി അമ്മതിന്‍റെ മകന്‍ മുഹൈമിന്‍(15), വയലില്‍ മൊയ്തുവിന്‍റെ മകന്‍ ഷാമില്‍ (14) എന്നിവരാണ് അഞ്ച് പേരുടെ ജീവൻ രക്ഷിച്ചത്.
ഞായറാഴ്ച രാവിലെ പത്തര മണിയോടെ വെളളിയോട് ഹൈസ്‌കൂളിന് പിന്നിലെ വാണിമേല്‍ പുഴയില്‍ അലക്കാനെത്തിയതായിരുന്നു ഇവര്‍. അലക്കിയതിന് ശേഷം പുഴയിലെ വെളളം കുറഞ്ഞ ഭാഗത്ത് നിന്ന് ബിന്‍സിയും,ആഷ്‌ലിയും,സജിതയും കൈകോര്‍ത്ത് വെളളത്തില്‍ മുങ്ങിക്കുളിക്കുന്നതിനിടെ വെളളത്തിനടിയില്‍ നിന്ന് വലിച്ച് കൊണ്ട് പോകുന്നത് പോലെ അനുഭവപ്പെട്ടതായി ബിന്‍സി പറഞ്ഞു. പുഴയില്‍ ചുഴി രൂപപ്പെട്ടതാവാമെന്നാണ് ഇവര്‍ പറയുന്നത്.
മൂന്ന് പേര്‍ വെളളത്തില്‍ മുങ്ങിത്താഴുന്നത് കണ്ട് കൂടെ ഉണ്ടായിരുന ഫിദുലും,അഥുനും രക്ഷപ്പെടുത്താന്‍ കൈ നീട്ടിയപ്പോള്‍ അവരും വെളളത്തില്‍ മുങ്ങി പോവുകയായിരുന്നു. ഈ സമയത്താണ് ഫുട്‌ബോള്‍ കളി കഴിഞ്ഞ് മുഹൈമിനും,ഷാമിലും അതുവഴി എത്തിയത്. ആളുകള്‍ മുങ്ങിതാഴുന്നത് കണ്ടതോടെ ഒന്നും ആലോചിക്കാതെ രണ്ട് പേരും വെളളത്തിലേക്ക് എടുത്ത് ചാടി അഞ്ച് പേരെയും കരയിലെത്തിക്കുകയായിരുന്നു. സജിതയും ആഷ്‌ലിയും,അഥുനും ബെംഗളുരുവില്‍ നിന്ന് രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്.