കോഴിക്കോട് :കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ളഅടച്ചുപൂട്ടലിൽ വീർപ്പുമുട്ടുകയാണ് വിദ്യാർഥികൾ. സ്കൂൾ ജീവിതം അവർക്ക് നൽകുന്ന ആഹ്ളാദവും സന്തോഷവും നിലച്ചിട്ട് നാളെറെയായി. എന്നാൽ ജൂൺ ഒന്ന് മുതൽ കൃത്യമായി 'സ്കൂളിൽ' പോകുന്ന രണ്ട് പേരുണ്ട് ഫറോക്കില്‍. സഹോദരിമാരായ ഇൽഫറെബിയും ഹൈഫയും.
രാവിലെ തന്നെ യൂണിഫോം അണിഞ്ഞ് ഐഡി കാർഡിട്ട് ടൈം ടേബിൾ പ്രകാരം പുസ്തകങ്ങൾ എടുത്തുവച്ച് സ്കൂളിലേക്ക് പോകാനുള്ള തയാറെടുപ്പിലാണിവർ. ഇൽഫറെബി നാലാം ക്ലാസിലാണ്, എൽകെജി വിദ്യാർഥിനിയാണ് ഹൈഫ.
ഇനി ഈ ലോക്ക് ഡൗണ്‍ കാലത്ത് ഏത് സ്കൂളിലാണ് ചേച്ചിയും അനിയത്തിയും പോകുന്നത് എന്ന് ചോദിച്ചാൽ ഉത്തരം ഇങ്ങനെയാണ്, വീടിന്‍റെ മുകളിലെ നിലയിലാണ് ഇവരുടെ സ്കൂൾ. കൃതൃസമയത്ത് സ്കൂളിൽ എത്തും. 10 മണിക്ക് ക്ലാസ് ആരംഭിക്കും 4 മണിക്ക് സ്കൂൾ വിടും. ഇടവേളകളൊക്കെ അതിന്‍റെ ക്രമത്തിൽ തന്നെ, ഓൺലൈൻ ക്ലാസ് ടൈമാകുമ്പോൾ അത് കാണും.