കോഴിക്കോട്: 125 വർഷത്തിലേറെ പഴക്കമുള്ള കർഷക പാരമ്പര്യം. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അറുപതോളം ഇനം പശുക്കള്‍. പ്രധാന വരുമാനമാർഗം പാലും പാല്‍ ഉല്‍പ്പന്നങ്ങളും. അത്തോളിയിലെ കാമധേനു നാച്ചുറല്‍ ഫാം ശ്രദ്ധേയമാകുന്നത് ഇക്കാരണങ്ങള്‍ കൊണ്ടൊന്നുമല്ല, പഴയ കാര്‍ഷിക രീതിയായ ചക്കിലാട്ടല്‍ പിന്തുടരുന്നത് കൊണ്ടാണ്.
അധ്യാപകന്‍ കൂടിയായ അക്ഷയ് ആണ് ഫാമില്‍ കാളകളെ ഉപയോഗിച്ച് ചക്കിലാട്ടല്‍ ആരംഭിച്ചത്. പശുക്കിടാങ്ങളിൽ കാളക്കിടാങ്ങളെ അറവ് ശാലകളിലേക്ക് കൊടുക്കുന്നത് ഒഴിവാക്കാനും കാളകളെ സംരക്ഷിക്കാനും അക്ഷയ് കണ്ടെത്തിയ മാർഗമാണ് ചക്ക്.
പൂവത്തിൽ തടിയിലാണ് ചക്ക് തീർത്തിരിക്കുന്നത്. പഴയ കാലത്തെ മാതൃകകളില്‍ നിന്നും പ്രവർത്തന സൗകര്യം കണക്കാക്കി ചെറിയ മാറ്റങ്ങൾ വരുത്തിയാണ് നിർമാണം. കാളകൾക്കും ഇത് സൗകര്യമാണ്. രാമനും ലക്ഷ്‌മണനും ഭീമനും ധ്യാനും മാറി മാറി ചക്കിനെ തിരിച്ച് കൊണ്ടേയിരിക്കും. പ്രതിദിനം 30 ലിറ്റർ വെളിച്ചെണ്ണ കിട്ടും. ഒപ്പം എള്ളെണ്ണയും.