കോഴിക്കോട്: നിപ ബാധിച്ച് വിദ്യാർഥി മരിച്ച പാഴൂർ, മുന്നൂര്‍ പ്രദേശങ്ങളിൽ നാഷണൽ സെന്‍റര്‍ ഫോർ ഡിസീസ് കൺട്രോള് സംഘം പരിശോധന നടത്തി. കേന്ദ്ര ആരോഗ്യ സെൽ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. പി രവീന്ദ്രന്‍റേയും പബ്ലിക് ഹെൽത്ത് സ്പെഷലിസ്റ്റ് അഡീഷണൽ ഡയറക്ടർ ഡോ. കെ രഘുവിന്‍റെയും നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശിച്ചത്.
അഡീഷണൽ ഡിഎംഒ പിയൂഷ് നമ്പൂതിരിപ്പാടും കൂടെ ഉണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്‍റ് ഓളിക്കൽ ഗഫൂറും സ്ഥലത്തെി. വിദ്യാർഥിയുടെ വീടും പരിസര വീടുകളും സന്ദർശിച്ച് നിർദേശങ്ങൾ നൽകിയ സംഘം കുട്ടിയുടെ മാതാപിതാക്കൾ കഴിയുന്ന ചെറുവാടിയിലെ തറവാട്ട് വീട്ടിലും എത്തി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് നിർദേശങ്ങൾ നൽകി.
നിപ വൈറസ് ബാധ: കേന്ദ്ര സംഘം കോഴിക്കോട് എത്തി Read more: കോഴിക്കോട് നിപ ബാധിച്ച് ചികിത്സയിലായിരുന്ന 12 കാരന്‍ മരിച്ചു
നിപ ബാധിച്ച് ചികിത്സയിലായിരുന്ന 12 കാരന്‍ ഞായറാഴ്‌ച പുലര്‍ച്ചെയാണ് മരിച്ചത്. കോഴിക്കോട് സ്വദേശിയായ കുട്ടി സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ച 4.45 നായിരുന്നു മരണം.
പനി ബാധിച്ചതിനെ തുടര്‍ന്ന് കുട്ടിയെ ആദ്യം ഓമശ്ശേരി ശാന്തി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കൽ കോളജില്‍ ചികിത്സിച്ച കുട്ടിയെ സെപ്‌റ്റംബര്‍ ഒന്നിന് മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അബോധവസ്ഥയിലായിരുന്ന കുട്ടി ആറ് ദിവസമായി വെൻ്റിലേറ്ററിലായിരുന്നു.
ഇതിനിടയിൽ സംശയം തോന്നിയ ഡോക്‌ടര്‍ സാമ്പിള്‍, പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഇവിടുന്നുള്ള റിപ്പോര്‍ട്ടിലാണ് നിപ ലക്ഷണങ്ങള്‍ സ്ഥിരീകരിച്ചത്. ശേഷം പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വന്ന ഫലവും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധ ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു.