കോഴിക്കോട്: മുക്കം കൂടരഞ്ഞിയില്‍ വീണ്ടും ആയുധധാരികളായ മാവോയിസ്റ്റ് സംഘമെത്തി. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറംതോട് മേടപ്പാറയിലാണ് ആയുധ ധാരികളായ നാലംഗ സംഘം എത്തിയത്. ഒറ്റക്ക് താമസിക്കുന്ന മഞ്ജുളായില്‍ വത്സലയുടെ വീട്ടിലാണ് മാവോയിസ്റ്റുകള്‍ എത്തിയത്. ചായ വേണമെന്നും അരി വേണമെന്നും വന്നവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന വത്സല ഇവര്‍ക്ക് ചായയും അരിയും നല്‍കി. ഒരു മണിക്കൂറോളം സ്ഥലത്ത് തങ്ങിയതിന് ശേഷമാണ് മാവോയിസ്റ്റ് സംഘം മടങ്ങിയത്. വന്നവര്‍ മലയാളത്തിലാണ് സംസാരിച്ചത്. മടങ്ങുന്നതിന് മുമ്പ് ചുമരില്‍ കൈ കൊണ്ട് എഴുതിയ പോസ്റ്ററും സംഘം ഒട്ടിച്ചു. കബനീദളം എന്ന തലക്കെട്ടില്‍ എഴുതിയ പോസ്റ്ററില്‍ വൈത്തിരിയില്‍ വെടിയേറ്റ് മരിച്ച സിപി ജലീലിന്‍റെ ആസൂത്രിത കൊലക്ക് കാരണക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്നാണ് എഴുതിയിട്ടുള്ളത്. തൊവരിമല ഭൂമി പ്രശ്നം പരിഹരിക്കുക. അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്കെതിരെ പൊരുതുക തുടങ്ങിയ ആഹ്വാനങ്ങളും പോസ്റ്ററില്‍ ഉണ്ട്.
രണ്ട് മാസം മുമ്പും പൂവാറംതോട്ടിൽ ആയുധധാരികൾ വന്നിരുന്നു. പൊലീസ് സ്റ്റേഷൻ ആക്രമിക്കുമെന്ന് മുന്നറിയിപ്പു നല്‍കി പോസ്റ്റർ ഒട്ടിച്ചാണ് അന്ന് മാവോയിസ്റ്റുകള്‍ മടങ്ങിയത്. പുരുഷന്മാർ ഇല്ലാത്ത വീടുകളിലാണ് മാവോയിസ്റ്റുകള്‍ ഇടക്കിടെ വന്ന് പോകുന്നത്. തുടരെയുണ്ടാവുന്ന മാവോയിസ്റ്റുകളുടെ വരവില്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്.