കോഴിക്കോട്:കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിക്ക് എതിരെ കൂടുതല്‍ തെളിവുകളുമായി പൊലീസ്. കൊലപാതകത്തിന് തെളിവുകൾ ശേഖരിക്കുന്നതിനൊപ്പം ആരൊക്കെയാണ് ജോളിയെ സഹായിച്ചത് എന്ന രീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. വ്യാജ ഒസ്യത്ത് നിര്‍മിക്കുന്നതിന് ജോളിക്ക് വഴിവിട്ട സഹായം ചെയ്തുവെന്ന് ലാൻഡ് റവന്യൂ ബോർഡ് തഹസിൽദാരായിരുന്ന ജയശ്രീ പൊലീസിന് മൊഴി നല്‍കിയതായാണ് വിവരം. എന്നാൽ ജോളി തന്‍റെ മകളെയും വകവരുത്തുമെന്ന ഘട്ടം വന്നപ്പോൾ ജോളിയുമായുള്ള ബന്ധം പതിയെ ഉപേക്ഷിക്കുകയായിരുന്നുവെന്നും ജയശ്രീ മൊഴി നല്‍കിയിട്ടുണ്ട്.
കൂടത്തായി കൊലപാതകം; അന്വേഷണം ജോളിയെ സഹായിച്ചവരിലേക്ക്
മകളെ വകവരുത്തുമെന്ന ഭയമുണ്ടായി. ജോളിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയായിരുന്നു. ജോളിയുടെ സഹോദരി ഭർത്താവ് ജോണിക്കുള്ള പങ്ക് അന്വേഷിക്കും. ബിഎസ്എന്‍എല്‍ ജീവനക്കാരന്‍റെ മൊഴി രേഖപ്പെടുത്താന്‍ ക്രൈം ബ്രാഞ്ച്.
അതേസമയം, അന്വേഷണം ഇടുക്കിയിലേക്കും നീട്ടാനാണ് ക്രൈം ബ്രാഞ്ച് തയ്യാറെടുക്കുന്നത്. കേസിൽ ജോളിയുടെ സഹോദരി ഭർത്താവ് ജോണിക്കുള്ള പങ്ക് അന്വേഷിക്കും. ജോളിയോട് നുണ പരിശോധനയ്ക്ക് തയ്യാറാണോ എന്ന് പൊലീസ് ചോദിച്ചപ്പോൾ അവർ ജോണിയെ വിളിച്ച് ഉപദേശം തേടിയെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. തന്‍റെ അച്ഛനോട് ഉപദേശം തേടണമെന്ന് ആവശ്യപ്പെട്ടാണ് ജോളി സഹോദരി ഭർത്താവായ ജോണിയെ ഫോണിൽ ബന്ധപ്പെട്ടതെന്നും പൊലീസ് പറയുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേസന്വേഷണം ഇടുക്കിയിലേക്കും നീളുന്നത്.
അതിനിടെ, ജോളിയുമായി ഏറ്റവുമധികം തവണ ഫോണിൽ ബന്ധപ്പെട്ട ബി എസ് എൻ എൽ ജീവനക്കാരൻ ജോൺസന്‍റെ മൊഴി രേഖപ്പെടുത്തുന്നതിനായി പയ്യോളിയിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിച്ചു. കഴിഞ്ഞ ഒരു വർഷത്തെ ജോളിയുടെ കോൾ ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് ജോൺസനുമായുള്ള ബന്ധം പൊലീസ് കണ്ടെത്തിയത്. ആറ് പേരുടെ മരണത്തിൽ ജോൺസന്‍റെ പങ്കുണ്ടോയെന്നും ചോദിച്ചറിയും. മരണ പരമ്പര മാത്രമല്ല ബി എസ് എൻ എൽ ജീവനക്കാരൻ എന്ന നിലയിൽ ജോളിക്ക് ഔദ്യോഗിക സഹായങ്ങൾ വല്ലതും ജോൺസന്‍റെ ഭാഗത്ത് നിന്ന് ലഭിച്ചോ എന്ന കാര്യവും പൊലീസ് അന്വേഷിക്കും.