കോഴിക്കോട്: സര്‍ജിക്കല്‍ മാസ്‌ക് നിര്‍മാണ രംഗത്തേക്ക് കടന്ന് കോഴിക്കോട്ടെ കുടുംബശ്രീ കൂട്ടായ്‌മ. പേരാമ്പ്രയിലെയും പരിസരത്തെയും 588 കുടുംബശ്രീ യൂണിറ്റുകളുടെ കൂട്ടായ്‌മയായ സുഭിക്ഷയാണ് മാസ്‌ക് നിര്‍മാണം ആരംഭിച്ചത്. സുഭിക്ഷ കോക്കനട്ട് പ്രൊഡ്യൂസേര്‍സ് കമ്പനിയുടെ നവീകരണത്തിന്‍റെ ഭാഗമായാണ് പുതിയ ചുവട്‌വയ്പ്പ്.
നാളികേരാധിഷ്‌ഠിത ഉത്പന്നങ്ങളുടെ നിര്‍മാണത്തില്‍ തുടങ്ങി പിന്നീട് ഡിറ്റര്‍ജന്‍റിലേക്കും കൊവിഡ് കാലത്ത് തന്നെ സാനിറ്റൈസര്‍ നിര്‍മാണത്തിലേക്കും വളര്‍ന്ന സുഭിക്ഷയുടെ പുതിയ സംരംഭമാണ് സര്‍ജിക്കല്‍ മാസ്‌ക്ക് നിര്‍മാണം. 15 ലക്ഷം രൂപ ചെലവിലാണ് സുഭിക്ഷയില്‍ മാസ്‌ക് നിര്‍മാണ യൂണിറ്റ് ഒരുക്കിയത്. ദിവസേനെ ഒരു ലക്ഷം മാസ്‌ക് നിര്‍മിക്കാന്‍ ഇവിടെ സാധിക്കും.