കോഴിക്കോട്: ഓക്‌സിജൻ ആവശ്യമുള്ള കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തില്‍ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓക്സിജൻ പ്ലാന്‍റ് സ്ഥാപിച്ചു. 13 കിലോലിറ്റർ ശേഷിയുള്ള പ്ലാന്‍റാണ് സ്ഥാപിച്ചിരിക്കുന്നത്. ദുരന്തനിവാരണനിയമപ്രകാരമുള്ള കലക്ടറുടെ ഉത്തരവിലാണ് നടപടി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ആണ് പ്ലാന്‍റ് മാറ്റി സ്ഥാപിച്ചത്.
സംസ്ഥാനത്ത് ഏറ്റവും അധികം കൊവിഡ് രോഗികൾ ഉള്ള ജില്ലകളിൽ ഒന്നാണ് കോഴിക്കോട്. രോഗം ഗുരുതരാവസ്ഥയിൽ എത്തിയവരിൽ ഏറിയ പങ്കും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചികിത്സ തേടുന്നത്. ഇവരുടെ ആവശ്യത്തിന് വേണ്ട മെഡിക്കൽ ഓക്സിജൻ ഉത്പാദിപ്പിക്കാൻ കോഴിക്കോട് മെഡിക്കൽ കോളജിൽ സൗകര്യമില്ലാത്തതിനെ തുടർന്നാണ് മെയ് ഒന്നിന് കലക്ടർ അടിയന്തരമായി ഉത്തരവിറക്കിയത്.