കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ ഒന്നാം പ്രതി ജോളിയെയും ജോളിക്ക് സയനൈഡ് എത്തിച്ചു നൽകിയെന്ന് പൊലീസ് കണ്ടെത്തിയ എം.എസ്. മാത്യുവിനെയും പൊലീസ് വീണ്ടും അറസ്റ്റ് ചെയ്യും. കൂടത്തായി കൊലപാതക പരമ്പരയിലെ റോയ് കൊലക്കേസിലെ രണ്ടാം പ്രതിയാണ് മാത്യു.
കൂടത്തായി കൊലപാതക പരമ്പര: മാത്യുവിനെയും ജോളിയെയും വീണ്ടും അറസ്റ്റ് ചെയ്യും - ജോളി
സിലിയെ കൊലപ്പെടുത്താന്‍ ജോളിക്ക് സയനൈഡ് എത്തിച്ച് നല്‍കിയത് മാത്യുവാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പൊലീസിന്‍റെ നടപടി.
ജോളിയുടെ രണ്ടാം ഭര്‍ത്താവായ ഷാജുവിന്‍റെ ആദ്യ ഭാര്യ സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് മാത്യുവിനെ അന്വേഷണ സംഘം വീണ്ടും അറസ്റ്റ് ചെയ്യുന്നത്. സിലിയെ കൊലപ്പെടുത്താന്‍ ജോളിക്ക് സയനൈഡ് എത്തിച്ച് നല്‍കിയത് മാത്യുവാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പൊലീസിന്‍റെ നടപടി. മാത്യുവിനെ അറസ്റ്റ് ചെയ്യുന്നതിനായി എസ്പി പി.സുജയ സുധാകരന്‍ കൊയിലാണ്ടി കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. അനുമതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണ സംഘം ജയിലിലെത്തിയാകും മാത്യുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുക.
തുടർന്ന് മാത്യുവിനെ ഇരുപത്തിയെട്ടിന് പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി താമരശേരി കോടതിയിൽ വീണ്ടും അപേക്ഷ നൽകും. സിലി കൊലക്കേസിൽ ജോളിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതോടെയാണ് ആൽഫൈൻ കൊലക്കേസിൽ ജോളിയെ അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്. ഇതിനും കോടതി അനുമതി നല്‍കിയിട്ടുണ്ട്. കസ്റ്റഡി കാലാവധി അവസാനിച്ചതിനാൽ ജോളിയെ ഇന്ന് വനിതാ ജയിലിലേക്ക് മാറ്റി. ആൽഫൈൻ കേസില്‍ ജോളിയുടെ അറസ്റ്റ് ജയിലിലെത്തി അന്വേഷണ സംഘം രേഖപ്പെടുത്തും. അതേസമയം സിലി കൊലക്കേസിൽ ജോളിയുടെ അഭിഭാഷകൻ സമർപ്പിച്ച ജാമ്യാപേക്ഷ ഇരുപത്തിയെട്ടിന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.