കേരളം

kerala

ETV Bharat / city

കരിപ്പൂർ വിമാനാപകടം; സഹായ വാഗ്‌ദാനം പാഴ്‌വാക്ക്, പൊലിഞ്ഞത് അഷ്റഫിന്‍റെ സ്വപ്നങ്ങള്‍ - FINANCIAL ASSISTANCE to victims

കരിപ്പൂർ വിമാനാപകടം നടന്ന് ശനിയാഴ്‌ചത്തേക്ക് ഒരു വർഷം പിന്നിടുമ്പോഴും അപകടത്തെ തുടർന്ന് ദുരിതത്തിൽ കഴിയുന്നത് നിരവധി പേരാണ്. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച ധനസഹായം കിട്ടിയിട്ടില്ലെന്നും ഇവർ പരാതിപ്പെടുന്നു.

കരിപ്പൂർ വിമാനാപകടം  കരിപ്പൂർ വിമാനാപകടം വാർത്ത  സഹായങ്ങൾ പാഴ് വാക്കിൽ ഒതുങ്ങി  വിമാനത്തോടൊപ്പം തകർന്നത് അഷറഫിൻ്റെ സ്വപ്‌നങ്ങൾ  അഷ്‌റഫ് വാർത്ത  കരിപ്പൂർ വിമാനാപകട വാർത്ത  KARIPUR PLANE CRASH news  KARIPUR PLANE CRASH  FINANCIAL ASSISTANCE to victims  FINANCIAL ASSISTANCE karipur plane crash news
കരിപ്പൂർ വിമാനാപകടം; സഹായങ്ങൾ പാഴ് വാക്കിൽ ഒതുങ്ങി, വിമാനത്തോടൊപ്പം തകർന്നത് അഷറഫിൻ്റെ സ്വപ്‌നങ്ങൾ

By

Published : Aug 6, 2021, 4:08 PM IST

Updated : Aug 6, 2021, 4:52 PM IST

കോഴിക്കോട്:കരിപ്പൂർ വിമാന അപകടം നടന്ന് ഒരു വർഷം പിന്നിടുമ്പോഴും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച ധനസഹായം കിട്ടാതെ ദുരിതത്തിൽ കഴിയുന്നത് നിരവധി പേർ. പതിനഞ്ച് വർഷം കൊണ്ട് കൂട്ടി വച്ച സമ്പാദ്യവുമായി വീട് വയ്ക്കാനുള്ള മോഹവുമായി ദുബൈയില്‍ നിന്നും നാട്ടിലേക്കുള്ള വിമാനം കയറിയ അഷ്റഫിന്‍റെയും ജീവിതം അപകടം താറുമാറാക്കി. 2020 ഓഗസ്റ്റ് ഏഴിനായിരുന്നു നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ കരിപ്പൂർ വിമാനാപകടം നടന്നത്. നാദാപുരം സ്വദേശി അഷ്റഫ് അടക്കം അപകടത്തെ തുടർന്ന് ദുരിതത്തിലായവർ നഷ്ടപരിഹാരത്തിനായി മുട്ടാത്ത വാതിലുകളില്ല.

സഹായ വാഗ്‌ദാനം പാഴ്‌വാക്ക്, പൊലിഞ്ഞത് അഷ്റഫിന്‍റെ സ്വപ്നങ്ങള്‍

വീടെന്ന സ്വപ്‌നം പൂർണമാക്കാനാകാതെ അഷ്റഫ്‌

ഷാർജയിലെ കഫ്റ്റീരിയയിലെ ജോലിക്കിടെ അവധിയെടുത്ത് ഉള്ള സ്ഥലത്ത് ചെറിയൊരു വീടു പണിയാമെന്ന ഉദ്ദേശ്യത്തോടെയെത്തിയ അഷ്റഫിന്‍റെ സമ്പാദ്യമെല്ലാം ചികിത്സക്കായി ഇതിനകം ചെലവഴിച്ചു. എന്നാൽ കാലിനുണ്ടായ ഗുരുതരമായ പരിക്ക് കാരണം സ്വയം നടക്കാനോ കാൽ നിലത്ത് വയ്ക്കാനോ സാധിക്കാത്ത അവസ്ഥയിലാണ്. നിലവിൽ ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് കഴിഞ്ഞു പോകുന്നത്.

അപകടം മൂലം പരിക്ക് പറ്റിയ തന്‍റെ ഒരു കാൽ സുഖപ്പെടാൻ പത്തോളം ശസ്ത്രക്രിയകൾ ഇതിനകം അഷ്‌റഫ് നടത്തിയിട്ടുണ്ട്. കാലിന്‍റെ നീളം കുറഞ്ഞു പോയതിനാൽ കാൽ പാദം നിലത്ത് കുത്താൻ കഴിയാത്ത അവസ്ഥയിലാണ്. ഒറ്റ നിമിഷം കൊണ്ട് തന്‍റെ ജീവിതവും സ്വപ്നവും ഇല്ലാതായിപ്പോയത് പോലും അപകടം നടന്ന് പന്ത്രണ്ട് ദിവസത്തിന് ശേഷം മാത്രമാണ് അറിഞ്ഞതെന്ന് അഷ്റഫ് പറയുന്നു. വിമാനം രണ്ടായി പിളർന്നതും താൻ ആ വിമാനത്തിലാണ് യാത്ര ചെയ്‌തിരുന്നത് എന്നതും എന്തിന് നാട്ടിലാണെന്ന് പോലും അറിയുന്നത് ആശുപത്രിയിൽ വച്ച് ദിവസങ്ങൾക്ക് ശേഷമാണ്‌.

ചികിത്സ ചെലവിന് പോലും പണമില്ലാതെ കുടുംബം

ആദ്യഘട്ടത്തിൽ ആറോളം ഓപ്പറേഷനുകളാണ് അഷ്റ‌ഫിന്‍റെ ശരീരത്തിൽ നടന്നത്. അതിന് ശേഷമാണ് ഇയാൾക്ക് ഓർമ പോലും തിരിച്ച് കിട്ടിയത്. മൂന്ന് മാസത്തെ അവധിക്കായാണ് അഷ്‌റഫ് നാട്ടിലേക്ക് വന്നത്. നിലവിൽ ആസ്റ്റർ മിംസിലാണ് ചികിത്സ തുടരുന്നത്. ഇൻഷൂറൻസ് തുക ലഭിച്ചാൽ തിരിച്ചു തരണമെന്ന നിബന്ധനയോടെ എയർ ഇന്ത്യ അധികൃതർ രണ്ട് ലക്ഷം രൂപ താൽക്കാലികമായി നൽകിയിരുന്നു. ഇൻഷൂറൻസ് തുക ലഭിച്ചത് കൊണ്ട് ഒരു വിധം ചികിത്സ മുടങ്ങാതെ കഴിഞ്ഞു.

തുടർ ചികിത്സയ്ക്ക് സർക്കാരുകൾ വാഗ്‌ദാനം ചെയ്‌ത നഷ്ടപരിഹാരം അല്ലാതെ വേറെ ഒരു വഴിയും ഇല്ലെന്ന് അഷ്റഫ് പറയുന്നു. മക്കളുടെ വിദ്യാഭ്യാസ ചെലവിനും വീട്ടു ചെലവിനുമായി ഏറെ ബുദ്ധിമുട്ടുകയാണ് അഷ്റഫിനെ പോലെ അപകടത്തിന്‍റെ ഇരകളായവർ. വിമാനാപകടം നടന്ന് വർഷം ഒന്നാകാറായിട്ടും അപകടകാരണം ഇതു വരെ പുറത്ത് വന്നിട്ടില്ല എന്നതും അധികൃതരുടെ അനാസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

READ MORE:കരിപ്പൂർ വിമാനാപകടം; ജീവൻ തിരിച്ച് കിട്ടിയെങ്കിലും വഴിമുട്ടിയ ജീവിതവുമായി അഷറഫ്

Last Updated : Aug 6, 2021, 4:52 PM IST

ABOUT THE AUTHOR

...view details