വടകരയോടൊപ്പം വട്ടിയൂർകാവിലും പ്രചരണത്തിനിറങ്ങുമെന്ന് കെ. മുരളീധരൻ
ഓരോ എംപിമാരും കേരളത്തിൽ ഉടനീളം സഞ്ചരിച്ച് പ്രചരണം നടത്തുന്നതിന് പകരം മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിച്ചാൽ യുഡിഎഫിന് വിജയം ഉറപ്പാണെന്ന് അദേഹം പറഞ്ഞു
കോഴിക്കോട്:നിയമസഭാ തെരഞ്ഞെടുപ്പിൽ വടകര പാർലമെന്റ് മണ്ഡലത്തിനോടൊപ്പം വട്ടിയൂർകാവ് നിയോജക മണ്ഡലത്തിലും പ്രചരണത്തിനിറങ്ങുമെന്ന് കെ.മുരളീധരൻ എംപി. ഓരോ എംപിമാരും കേരളത്തിൽ ഉടനീളം സഞ്ചരിച്ച് പ്രചരണം നടത്തുന്നതിന് പകരം മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിച്ചാൽ യുഡിഎഫിന് വിജയം ഉറപ്പാണ്. വടകര പാർലമെന്റ് മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലവും വട്ടിയൂർകാവ് നിയോജക മണ്ഡലമടക്കം എട്ട് നിയോജക മണ്ഡലങ്ങളിലും പ്രചരണം നടത്തും. ഫെബ്രുവരി 25ന് ജാഥ തിരുവനന്തപുരത്തെത്തുമ്പോൾ സ്ഥാനാർഥി പട്ടിക തയ്യാറാകുമെന്നും ഇലക്ഷൻ പ്രഖ്യാപനം വന്നാൽ സ്ഥാനാർഥി പ്രഖ്യാപനവും ഉണ്ടാകുെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് വിട്ട് പോയ എൽജെഡിയുടെയും മാണി കോൺഗ്രസിന്റെയും സീറ്റുകൾ വീതം വെക്കുമ്പോൾ തുല്യമായി തന്നെ ഉണ്ടാകുമെന്നും അപ്പോൾ കോൺഗ്രസിനും മുസ്ലീം ലീഗിനും സീറ്റുകൾ വർദ്ധിക്കുമെന്നും കെ മുരളീധരൻ എംപി നാദാപുരത്ത് പറഞ്ഞു.