കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിൽ ജോളി നടത്തിയ ചില കൊലപാതകങ്ങളെക്കുറിച്ച് ജോളിയുടെ കട്ടപ്പനയിലെ ബന്ധുക്കൾക്ക് അറിയാമായിരുന്നുവെന്ന് സൂചന. അച്ഛൻ ജോസഫിനോടും സഹോദരൻ നോബിയോടും ജോളി സത്യം പറഞ്ഞിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. എല്ലാ കാര്യങ്ങളും പരസ്‌പരം പറയാറുണ്ടായിരുന്ന കുടുംബാംഗങ്ങൾ ഇത് മാത്രം മറച്ചു വയ്‌ക്കാൻ ഇടയില്ലെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.
കൂടത്തായിയിലെ കൊലപാതകങ്ങളെക്കുറിച്ച് ജോളിയുടെ ബന്ധുക്കൾക്ക് അറിവുണ്ടായിരുന്നതായി സൂചന
ജോളി തന്‍റെ എല്ലാ കാര്യങ്ങളും അച്ഛനോടും സഹോദരനോടും പറയാറുണ്ടായിരുന്നവെന്നാണ് പൊലീസ് നിഗനമം. അതിനാല്‍ തന്നെ അവസാന കൊലപാതകങ്ങളെങ്കിലും ഇവര്‍ നേരത്തെ തന്നെ അറിഞ്ഞിരിക്കുമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇരുവരും അന്വേഷണസംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ട്.
കൊലപാതകപരമ്പരയിലെ അവസാന കൊലപാതകങ്ങളെങ്കിലും കട്ടപ്പനയിലെ ജോളിയുടെ ബന്ധുക്കൾ നേരത്തെ തന്നെ അറിഞ്ഞിരിക്കുമെന്നാണ് പൊലീസ് നിഗമനം. ജോളിയുടെ സഹോദരനും അച്ഛനും നാട്ടിൽ ചില പണമിടപാടുകൾ ഉള്ളതും പൊലീസിന്‍റെ സംശയം വർധിപ്പിക്കുന്നുണ്ട്. ജോളി അറസ്റ്റിലായ സമയത്ത് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്‍റെ ഫോൺ ഉപയോഗിച്ച് ജോളി സഹോദരീ ഭർത്താവിനെ വിളിച്ച് സംസാരിച്ചതും സംശയത്തിന്‍റെ ആക്കം കൂട്ടുന്നുണ്ട്. ജോളിയുടെ അച്ഛനും സഹോദരനും നിലവിൽ പയ്യോളിയിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ മൊഴി നല്‍കാനെത്തിയിട്ടുണ്ട്. ഇവരിൽ നിന്ന് വിശദമായി മൊഴിയെടുത്ത ശേഷം ആവശ്യമെങ്കിൽ കട്ടപ്പനയിലെ മറ്റു ബന്ധുക്കളെയും ഇവിടെ എത്തിച്ച് മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘം തയ്യാറെടുക്കുന്നത്.