കോഴിക്കോട്: ഇന്ത്യൻ നാഷണൽ ലീഗ് (ഐഎൻഎൽ) പിളർന്നു. നിലവിലെ സംസ്ഥാന പ്രസിഡന്‍റായിരുന്ന എ.പി അബ്‌ദുള്‍ വഹാബ് പക്ഷം പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. എ.പി അബ്‌ദുള്‍ വഹാബ് തന്നെയാണ് ഐഎൻഎൽ കേരള പക്ഷത്തിൻ്റെ പ്രസിഡന്‍റ്.
വഹാബ് പക്ഷം കോഴിക്കോട് യോഗം ചേരുന്നു ജനറല്‍ സെക്രട്ടറിയായി നാസർ കോയ തങ്ങളെ തെരഞ്ഞെടുത്തു. വഹാബ് ഹാജിയാണ് ട്രഷറർ. കോഴിക്കോട് ചേർന്ന യോഗത്തിലാണ് പുതിയ കൗണ്‍സില്‍ രൂപീകരിച്ചത്. നിലവില്‍ ഉണ്ടായിരുന്ന കൗണ്‍സിലിലെ 120 അംഗങ്ങളില്‍ 75 പേരും യോഗത്തിൽ പങ്കെടുത്തു.
പോഷക സംഘടന ഭാരവാഹികളായ 22 പേരും യോഗത്തില്‍ പങ്കെടുത്തതായി നേതാക്കള്‍ പറഞ്ഞു. അംഗത്വ വിതരണം ഉടന്‍ പൂര്‍ത്തിയാക്കി സംഘടന ശക്തിപ്പെടുത്തി മുന്നോട്ട് പോകുമെന്ന് എ.പി അബ്‌ദുള്‍ വഹാബ് അറിയിച്ചു.
വഹാബിനെതിരെ അഡ്ഹോക് കമ്മറ്റി
ദേശീയ നേതൃത്വത്തെ അംഗീകരിക്കാത്ത എ.പി അബ്‌ദുള്‍ വഹാബിനെതിരെ നടപടി വേണമെന്ന് ബുധനാഴ്‌ച കോഴിക്കോട് ചേര്‍ന്ന അഡ്ഹോക് കമ്മറ്റി ശിപാര്‍ശ ചെയ്‌തിരുന്നു. മന്ത്രി അഹമ്മദ് ദേവർകോവിലാണ് അഡ്ഹോക് കമ്മിറ്റി ചെയർമാൻ. കമ്മിറ്റിയിലേക്ക് എ.പി അബ്‌ദുള്‍ വഹാബിനെ വിളിച്ചെങ്കിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.
എറണാകുളത്ത് പാര്‍ട്ടി യോഗത്തിനിടെ അക്രമം ഉണ്ടാക്കിയതിന് പിന്നില്‍ അബ്‌ദുള്‍ വഹാബ് ആണെന്നായിരുന്നു അഡ്ഹോക്ക് കമ്മിറ്റി അംഗങ്ങളുടെ ആരോപണം. ഇതെല്ലാം പാര്‍ട്ടി വിരുദ്ധ നിലപാടാണെന്ന വിലയിരുത്തലിലാണ് അഡ്ഹോക് കമ്മറ്റി. അഡ്ഹോക് കമ്മിറ്റിയുടെ ശുപാര്‍ശ ദേശീയ നേതൃത്വം പരിഗണിക്കുന്നതിനിടെയാണ് ശക്തി തെളിയിക്കാന്‍ എ.പി അബ്‌ദുള്‍ വഹാബ് യോഗം വിളിച്ചത്.
തർക്കം ബോര്‍ഡ്-കോര്‍പ്പറേഷന്‍ സ്ഥാനത്തെ ചൊല്ലി
കൊച്ചി നഗരത്തിൽ തമ്മിൽ തല്ലിയതിന് പിന്നാലെ ഒന്നായ വഹാബ്-കാസിം ഇരിക്കൂർ പക്ഷങ്ങൾ ബോർഡ് കോർപ്പറേഷൻ സ്ഥാനത്തെ ചൊല്ലിയാണ് വീണ്ടും ഇടഞ്ഞത്. ഇടത് മുന്നണി നൽകിയ സീതാറാം സ്‌പിന്നിങ് മിൽ ചെയർമാൻ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം പിളർപ്പിലെത്തിച്ചു.
സിപിഎമ്മിനും താൽപര്യമുള്ള എൻകെ അബ്‌ദുള്‍ അസീസിനെയാണ് വഹാബ് പക്ഷം ചെയർമാൻ സ്ഥാനത്തേക്ക് ഉയർത്തി കാണിച്ചത്. എന്നാൽ ഇത് ഒരു തരത്തിലും അംഗീകരിക്കാൻ മറുപക്ഷം തയ്യാറായില്ല.
ഐഎൻഎൽ രൂപീകരിച്ച് 25 വർഷം പിന്നിട്ടപ്പോഴാണ് പാർട്ടിക്ക് ഇടതു മുന്നണിയിൽ പ്രവേശനം ലഭിച്ചത്. രണ്ടര വർഷത്തേക്ക് ലഭിച്ച മന്ത്രി സ്ഥാനം ഒരു വർഷം പിന്നിടുമ്പോഴാണ് പാർട്ടി പിളർന്നത്. 1994 ൽ ഇബ്രാഹിം സുലൈമാൻ സേട്ടാണ് മുസ്‌ലിം ലീഗിന് ബദലായി ഇന്ത്യൻ നാഷണൽ ലീഗ് രൂപീകരിച്ചത്.
Also read: ഒത്തുതീര്‍പ്പാകാതെ ഐഎന്‍എല്ലിലെ തമ്മിലടി