കോഴിക്കോട്:നരിക്കുനിയിലും പെരുമണ്ണയിലും കോളറ ബാക്‌ടീരിയയുടെ (Cholera Bacteria) സാന്നിധ്യം കണ്ടെത്തി. നാലിടങ്ങളിൽ നിന്ന് ശേഖരിച്ച വെള്ളത്തിന്‍റെ സാമ്പിളിലാണ് ബാക്‌ടീരിയ സാന്നിധ്യം കണ്ടെത്തിയത്. ഭക്ഷ്യവിഷബാധയെ (FOOD POISON) തുടർന്ന് നരിക്കുനിയിൽ രണ്ടര വയസുകാരൻ മരിച്ച സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് പരിശോധന നടത്തിയത്. കോളറ ബാക്‌ടീരിയ സാന്നിധ്യം കണ്ടെത്തിയ പശ്ചാത്തലത്തിൽ തുടർ നടപടികൾ സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് അടിയന്തര യോഗം ചേരുകയാണ്.
നരിക്കുനി പന്നിക്കോട്ടൂരില്‍ ഒരാഴ്‌ച മുമ്പാണ് ഭക്ഷ്യ വിഷബാധയേറ്റ് രണ്ടര വയസുകാരന്‍ യമീന്‍ മരിച്ചത്. ഭക്ഷണം കഴിച്ച യമീന്‍ അടക്കം 11 കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. വിവാഹ വീട്ടിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണം കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.