കോട്ടയം :പാലാ സെന്‍റ് തോമസ് കോളജിൽ സഹപാഠി കൊലപ്പെടുത്തിയ കോട്ടയം തലയോലപ്പറമ്പ് കുറുന്തറയിൽ നിതിന മോളുടെ അമ്മ ബിന്ദുവിനെ വനിത കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവിയും കമ്മിഷനംഗം ഇ.എം രാധയും സന്ദർശിച്ചു. ഞായറാഴ്‌ച ഉച്ചയ്ക്ക് 12.30ഓടെ തുറുവേലിക്കുന്നിലെ വീട്ടിലെത്തിയ ഇരുവരും ബിന്ദുവിനെ ആശ്വസിപ്പിച്ചു.
മുക്കാൽ മണിക്കൂറോളം ബിന്ദുവിനും ബന്ധുക്കൾക്കുമൊപ്പം ചെലവഴിച്ച കമ്മിഷൻ അധ്യക്ഷ പ്രതിക്കെതിരേയുള്ള നിയമനടപടിക്ക് എല്ലാ പിന്തുണയും നൽകുമെന്ന് ബിന്ദുവിന് ഉറപ്പ് നൽകി. ജീവിതകാലത്തുടനീളം പറഞ്ഞാൽ തീരാത്ത അത്ര വേദനയാണ് ബിന്ദു പങ്കുവയ്ക്കുന്നതെന്നും ആ അമ്മയുടെ പ്രതീക്ഷയുടെ മുഖമാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നും കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു.