കോട്ടയം :തബല വായിച്ച് അതിന്‍റെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌ത് സസ്പെൻഷന് മറുപടി നല്‍കി പൂഞ്ഞാറിൽ വെള്ളക്കെട്ടിലേക്ക് ബസ് ഓടിച്ചിറക്കിയ ഡ്രൈവർ ജയദീപ്. കെഎസ്ആര്‍ടിസിയിലെ, എന്നെ സസ്പെന്‍ഡ് ചെയ്‌ത കൊണാണ്ടൻമാർ അറിയാൻ ഒരു കാര്യം… എന്ന തലക്കെട്ടിലാണ് പോസ്റ്റ്.
കോട്ടയം പൂഞ്ഞാർ പെരിങ്ങളം സെന്‍റ് മേരീസ് പള്ളിക്ക് സമീപം കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിലേക്കാണ് ഇയാൾ ബസ് ഓടിച്ചിറക്കിയത്. യാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. പാതി മുങ്ങിയ കെഎസ്ആര്‍ടിസി ബസിന്‍റ വീഡിയോ വൈറലാവുകയും ചെയ്‌തു.
സംഭവത്തെ തുടർന്ന് കെഎസ്ആർടിസി ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ എസ് ജയദീപിനെ ഗതാഗതമന്ത്രി ആന്‍റണി രാജുവിന്‍റെ നിർദേശത്തെത്തുടർന്നാണ് സസ്‌പെൻഡ് ചെയ്‌തത്. യാത്രക്കാരുടെ ജീവന് ഭീഷണി ഉയര്‍ത്തിയെന്നും ബസിന് നാശനഷ്ടവും വരുത്തിയെന്നും ആരോപിച്ചായിരുന്നു നടപടി.
ഇതിന് പിന്നാലെയാണ് സസ്‌പൻഷനെതിരെ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ഇയാള്‍ രൂക്ഷഭാഷയിലുള്ള നിരവധി പോസ്റ്റുകൾ പങ്കുവച്ചത്. അച്ചടക്ക നടപടി തബല കൊട്ടി ആഘോഷിക്കുന്ന വീഡിയോയ്‌ക്കൊപ്പം സസ്പെൻഡ് ചെയ്ത വാർത്ത പങ്കുവച്ചിട്ടുമുണ്ട്.
“കെഎസ്ആര്‍ടിസിയിലെ എന്നെ സസ്പെന്‍ഡ് ചെയ്‌ത കൊണാണ്ടൻമാർ അറിയാൻ ഒരു കാര്യം. എപ്പോഴും അവധി ആവശ്യപ്പെട്ട് നടക്കുന്ന ദിവസം അമിത പണം അധ്വാനിക്കാതെ ഉണ്ടാക്കുന്ന എന്നെ സസ്പെന്‍ഡ് ചെയ്‌ത് സഹായിക്കാതെ വല്ല കഞ്ഞി കുടിക്കാൻ നിവൃത്തി ഇല്ലാത്തവരെ പോയി ചെയ്യുക. ഹ ഹ ഹ ഹാ…”
“ഒരു അവധി ചോദിച്ചാൽ തരാൻ വലിയ വാലായിരുന്നവൻ ഇനി വേറെ ആളെ വിളിച്ച് ഓടിക്കട്ടെ. അല്ലെങ്കിൽ അവൻ ഓടിക്കട്ടെ. അവനൊക്കെ റിട്ടയർ ചെയ്തുകഴിയുമ്പോൾ അറ്റാക്ക് ഒന്നും വരാതെ ജീവിച്ചിരുന്നാൽ വല്ല സ്കൂൾ ബസോ, ഓട്ടോറിക്ഷയോ, ഓടിച്ച് അരി മേടിക്കേണ്ടതല്ലേ? ഒരു പ്രാക്ടീസാകട്ടെ. ഞാൻ വീട്ടുകാര്യങ്ങൾ നോക്കി TS No 50 ലും പോയി സുഖിച്ച് വിശ്രമിക്കട്ടെ.” എന്നിങ്ങനെയായിരുന്നു ജയദീപിന്‍റെ ഫേസ്ബുക്ക് പോസ്റ്റുകൾ.
ഈരാറ്റുപേട്ടയിലേക്ക് പോയ ബസ് പൂഞ്ഞാർ സെന്‍റ് മേരീസ് പള്ളിക്ക് മുന്നിൽവച്ചാണ് വെള്ളക്കെട്ടിൽപ്പെട്ടത്. പള്ളിയുടെ മുൻവശത്തെത്തിയപ്പോൾ പെട്ടെന്ന് വെള്ളം ഇരച്ച് കയറിയെന്നും ഉടൻ തന്നെ ബസ് വലത്തേക്ക് തിരിച്ച് പള്ളിമതിലിനോട് ചേർത്ത് നിർത്തിയെന്നുമായിരുന്നു ഡ്രൈവർ നൽകിയ വിശദീകരണം.
ALSO READ :വെള്ളക്കെട്ടിലേക്ക് ബസ് ഓടിച്ചിറക്കിയ കെഎസ്ആർടിസി ഡ്രൈവറെ സസ്പെൻഡ് ചെയ്തു
കൂടാതെ ഉരുൾപൊട്ടി വെള്ളം വന്ന് വണ്ടി നിന്ന് പോയതാണെന്നും കെട്ടി വലിച്ച് ഡിപ്പോയിൽ എത്തിക്കുകയായിരുന്നുവെന്നും വിശദീകരണത്തിൽ പറയുന്നു. ഇത്തരം പോസ്റ്റുകള്‍ക്കൊപ്പം വാഹനത്തിന്‍റെ തകരാറിനെക്കുറിച്ച് അധികൃതരെ ബോധിപ്പിക്കുന്ന ഡ്രൈവര്‍ പൂരിപ്പിച്ചുനല്‍കുന്ന ഫോം ഉള്‍പ്പടെയുള്ളവയുടെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.