കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗ ചെയ്‌ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ ഹാജരായി. കോട്ടയം ജില്ല അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി ജി ഗോപകുമാർ കേസില്‍ ഇന്ന് വിധി പറയും. മിഷനറിസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവലങ്ങാട് സെന്‍റ് ഫ്രാൻസിസ് മിഷൻ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നൽകിയ പരാതിയിലാണ് കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്.
കുറുവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽ വച്ച് 2014 മുതൽ 2016വരെയുള്ള കാലയളവിൽ ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ജിതേഷ് ജെ ബാബുവും സുബിൻ വർഗീസും പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ കെ രാമൻപിള്ള, സി.എസ് അജയൻ എന്നിവരുമാണ് ഹാജരായത്.
കത്തോലിക്ക സഭയ്ക്കും ബിഷപ്പിനും ഏറെ നിർണായകമാണ് വിധി. കനത്ത സുരക്ഷയാണ് കോടതി പരിസരത്ത് ഒരുക്കിയിരിക്കുന്നത്. 105 ദിവസത്തെ വിസ്‌താരത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്.
കത്തോലിക്ക സഭയുടെ ചരിത്രത്തിൽ ഏറെ കോളിളക്കം സൃഷ്‌ടിച്ച മറ്റൊരു കേസിന്‍റെ വിധിക്കാണ് കേരളം കാത്തിരിക്കുന്നത്. ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാൻ വൈകിയതിലും കേസിൽ കുറ്റപത്രം വൈകിയതിലും പ്രതിഷേധം തെരുവിലേക്ക് നീണ്ടു. കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ളവർ പ്രത്യക്ഷസമരവുമായി എത്തി.
മേജർ ആർച്ച് ബിഷപ്പ് ജോർജ് ആലഞ്ചേരി ഉൾപ്പെടെ നാല് ബിഷപ്പുമാരെ വിസ്‌രിച്ചു. 25 കന്യാസ്ത്രീകൾ, 11 വൈദികർ, രഹസ്യമൊഴിയെടുത്ത 7 മജിസ്ട്രേറ്റുമാർ, വൈദ്യപരിശോധന നടത്തിയ ഡോക്‌ടര്‍ എന്നിവരെല്ലാം വിസ്‌താരത്തിനെത്തി. 83 സാക്ഷികളിൽ വിസ്‌തരിച്ച 39 പേരും പ്രോസിക്യൂഷന് അനുകൂല നിലപാടെടുത്തു. പ്രതിഭാഗത്ത് നിന്ന് വിസ്‌തരിച്ചത് ആറ് സാക്ഷികളെ. 122 പ്രമാണങ്ങൾ കോടതിയിൽ ഹാജരാക്കി. നീതി കിട്ടുമെന്ന പ്രതീക്ഷയില്‍ പ്രതിഷേധങ്ങൾക്ക് നേതൃത്വം കൊടുത്തത് സേവ് ഔർ സിസ്റ്റേഴ്‌സ് കൂട്ടായ്‌മയാണ്.
ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ ഉൾപ്പടെ ഏഴ് സുപ്രധാന വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നത്. വൈക്കം ഡിവൈഎസ്‌പി ആയിരുന്ന കെ സുഭാഷായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. നാലു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ 2018 സെപ്റ്റംബർ 21നാണ് ഫ്രാങ്കോ അറസ്റ്റിലായത്. അടച്ചിട്ട കോടതി മുറിയിലായിരുന്നു വിചാരണ നടപടികൾ.
Also read: സിൽവർ ലൈൻ: മുഖ്യമന്ത്രിക്കെതിരെ അവകാശലംഘന പരാതിയുമായി അൻവർ സാദത്ത് എംഎൽഎ