കോട്ടയം : കേരളം ഉൾപ്പടെ മൂന്ന് സംസ്ഥാനങ്ങളിലേക്കുള്ള രാജ്യസഭ ഉപതെരഞ്ഞെടുപ്പ് 29ന് നടക്കാനിരിക്കെ കേരളത്തിൽ നിന്ന് ഇടതുമുന്നണിക്ക് വേണ്ടി മത്സരിക്കുക ജോസ് കെ മാണി തന്നെയോയെന്ന് വൈകാതെയറിയാം. പാര്‍ട്ടിക്ക് അവകാശപ്പെട്ട സീറ്റാണെന്നും നേതൃത്വം സ്ഥാനാര്‍ഥിയെ തീരുമാനിക്കുമെന്നുമായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോടുള്ള ജോസ് കെ മാണിയുടെ മറുപടി.
പാര്‍ട്ടി ചെയര്‍മാനായ അദ്ദേഹം കേരള രാഷ്ട്രീയത്തില്‍ തന്നെ നില്‍ക്കാന്‍ തീരുമാനിച്ചാലേ മറ്റൊരു സ്ഥാനാര്‍ഥിയെ പാര്‍ട്ടിക്ക് കണ്ടെത്തേണ്ടതുള്ളൂ. അങ്ങനെയാണെങ്കില്‍ സ്റ്റീഫന്‍ ജോര്‍ജിന് നറുക്കുവീണേക്കും. എങ്കിലും നിലവിലെ സാഹചര്യത്തില്‍ ജോസ് കെ മാണിയുടെ പേരിന് തന്നെയാണ് മുന്‍തൂക്കം.
നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് യുഡിഎഫ് വിട്ട് എൽഡിഎഫിൽ ചേക്കേറിയപ്പോഴാണ് ജോസ് കെ മാണി എംപി സ്ഥാനം രാജിവച്ചത്. രാഷ്ട്രീയ ധാര്‍മികത മുന്‍നിര്‍ത്തിയാണ് രാജിയെന്നായിരുന്നു അന്ന് വിശദീകരിച്ചത്. എന്നാല്‍ നിയമസഭയിലേക്ക് മത്സരിക്കുകയായിരുന്നു ലക്ഷ്യമെന്ന് വ്യക്തമായിരുന്നു.
ജോസ് കെ മാണി വീണ്ടും രാജ്യസഭയിലേക്ക്?
പക്ഷേ കണക്കുകൂട്ടലുകള്‍ തകിടം മറിഞ്ഞു.പാലായില്‍ മാണി സി കാപ്പന്‍ ജോസ് കെ മാണിയെ തറപറ്റിച്ചു. 72.56 ശതമാനം പോളിങ് നടന്ന മണ്ഡലത്തിൽ പതിനായിരത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് മാണി സി കാപ്പൻ മണ്ഡലം നിലനിർത്തിയത്.
കേരളത്തിൽ ഇടതുതരംഗം ആഞ്ഞടിച്ചപ്പോഴും സംസ്ഥാന രാഷ്‌ട്രീയത്തിലേക്ക് എത്താൻ ശ്രമിച്ച ജോസ് കെ മാണിക്ക് കനത്ത പ്രഹരമായിരുന്നു ഈ പരാജയം. ജോസ് കെ മാണി രാജിവച്ചൊഴിഞ്ഞ രാജ്യസഭാസീറ്റിലേക്കാണ് വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്.