കേരളം

kerala

ETV Bharat / city

പിസിയുടെ പൂഞ്ഞാര്‍, അഭിമാനപ്പോരിന് ഇടത് വലത് മുന്നണികൾ - tomy kallani udf

എല്‍ഡിഎഫ്- യുഡിഎഫ്- എന്‍ഡിഎ മുന്നണികള്‍ക്കെതിരെ ജനപക്ഷ സ്ഥാനാര്‍ഥിയായി പിസി ജോര്‍ജ് ജനവിധി തേടുമ്പോള്‍ ചതുഷ്കോണ മത്സരത്തിനാണ് പൂഞ്ഞാര്‍ സാക്ഷ്യം വഹിക്കുക. കാല്‍ നൂറ്റാണ്ടായി പി.സി ജോര്‍ജ് കയ്യടക്കി വെച്ചിരിക്കുന്ന മണ്ഡലം നേടാന്‍ യുഡിഎഫ് നിയോഗിച്ചത് മുന്‍ ഡിസിസി പ്രസിഡന്‍റ് ടോമി കല്ലാനിയെയാണ്. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്‍റെ സെബാസ്റ്റ്യന്‍ കുളത്തുങ്കലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.

poonjar assembly constituency  assembly constituency analysis  ജനപക്ഷം സ്ഥാനാര്‍ഥി  കേരള ജനപക്ഷം സെക്യുലര്‍  ബിഡിജെഎസ് എംപി സെന്‍  സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍  ടോമി കല്ലാനി കോട്ടയം ഡിസിസി  pc george janapaksham  pc george poonjar  sebastian kulathunkal  tomy kallani udf  tomy kallani poonjar
പൂഞ്ഞാര്‍

By

Published : Mar 27, 2021, 2:28 PM IST

നിലവില്‍ പി.സി ജോര്‍ജെന്ന ഒറ്റയാനിലേക്ക് ചുരുങ്ങിയ രാഷ്ട്രീയമാണ് പൂഞ്ഞാറിലേത്. തരം കിട്ടുമ്പോഴെല്ലാം എല്‍ഡിഎഫിനും യുഡിഎഫിനുമൊപ്പം ചേരുന്ന പി.സി ജോർജ് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്കും പിന്തുണ നല്‍കിയിരുന്നു. ഇത്തവണ യുഡിഎഫിനൊപ്പം ചേരുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നെങ്കിലും പ്രാദേശിക കോണ്‍ഗ്രസിലെ എതിര്‍പ്പ് വിലങ്ങുതടിയായി. കേരള ജനപക്ഷം (സെക്യുലര്‍) സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പിസി ജോര്‍ജ് ആരുടേയും പിന്തുണയില്ലാതെ ജയിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. പലയിടത്തും സംഘര്‍ഷവും വാക്കേറ്റവും ഉണ്ടായത് പ്രചാരണം നിര്‍ത്തിവെയ്ക്കുന്ന സ്ഥിതിയിലേക്ക് പോലും നയിച്ചു. എസ്.ഡി.പി.ഐ- സിപിഎം പ്രവര്‍ത്തകരാണ് പ്രകോപനമുണ്ടാക്കുന്നതെന്ന് പി.സി ആരോപിക്കുന്നു.

കോട്ടയം ഡിസിസി പ്രസിഡന്‍റായിരുന്ന ടോമി കല്ലാനി യുഡിഎഫ് സ്ഥാനാർഥിയായും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന കേരള കോണ്‍ഗ്രസ് എമ്മിന്‍റെ സെബാസ്റ്റ്യന്‍ കുളത്തുങ്കലും മണ്ഡലം നേടാനുറച്ച് പ്രചാരണത്തിരക്കിലാണ്. ബിഡിജെഎസ് ജില്ലാ പ്രസിഡന്‍റ് എം.പി സെന്നാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

മണ്ഡല ചരിത്രം

1957 ല്‍ രൂപീകൃതമായ മണ്ഡലമാണ് പൂഞ്ഞാര്‍. ഈരാറ്റുപേട്ട നഗരസഭയും കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി, മുണ്ടക്കയം, പാറത്തോട്, കൂട്ടിക്കല്‍, കോരുത്തോട് പഞ്ചായത്തുകളും മീനച്ചില്‍ താലൂക്കിലെ പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി, തിടനാട് പഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ് മണ്ഡലം. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ നിയമസഭ മണ്ഡലങ്ങളിലൊന്നാണ് പൂഞ്ഞാര്‍. മുസ്ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് മുന്‍തൂക്കമുണ്ട്. ആകെ 1,89,091 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. അതില്‍ 94,275 പേര്‍ പുരുഷന്മാരും 94,816 പേര്‍ സ്ത്രീകളുമാണ്.

മണ്ഡല രാഷ്ട്രീയം

കേരള കോണ്‍ഗ്രസിന് വ്യക്തമായ സ്വാധീനമുള്ള മണ്ഡലമാണ് പൂഞ്ഞാര്‍. മുന്നണി നോക്കാതെ പി.സി ജോര്‍ജിനെ തുടര്‍ച്ചയായി കാല്‍ നൂറ്റാണ്ട് ജയിപ്പിച്ചതും ഇതേ പൂഞ്ഞാര്‍ തന്നെ.ആദ്യമത്സരത്തില്‍ കോണ്‍ഗ്രസിന്‍റെ ടി.എ തൊമ്മന്‍ നിയമസഭയിലെത്തി. 1960ലും തൊമ്മനിലൂടെ കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തി. 1967ലെ തെരഞ്ഞെടുപ്പില്‍ കെ.എം ജോര്‍ജിലൂടെ കേരള കോണ്‍ഗ്രസ് അക്കൗണ്ട് തുറന്നു. 1970ലും ജോര്‍ജ് ജയിച്ചു. 1977ല്‍ വി.ജെ ജോസഫിലൂടെ കേരള കോണ്‍ഗ്രസ് മണ്ഡലം നിലനിര്‍ത്തി. 1980ല്‍ കേരള കോണ്‍ഗ്രസ്(ജെ) സ്ഥാനാര്‍ഥിയായി പി.സി ജോര്‍ജിന്‍റെ ആദ്യ മത്സരം. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ കേരള കോണ്‍ഗ്രസിന്‍റെ വി.ജെ ജോസഫിനെതിരെ 1,148 വോട്ടിന് പി.സി ജോര്‍ജിന് ജയം. 1982ല്‍ പി.സി ജോര്‍ജ് ഭൂരിപക്ഷം 10,030 വോട്ടായി ഉയര്‍ത്തി. ജനതാ പാര്‍ട്ടി സ്ഥാനാര്‍ഥി എന്‍.എം ജോസഫായിരുന്നു പ്രധാന എതിരാളി.

പി.സി ജോര്‍ജ് തോല്‍വി ഏറ്റുവാങ്ങിയ തെരഞ്ഞെടുപ്പായിരുന്നു 1987ല്‍ നടന്നത്. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ജനത പാര്‍ട്ടിയുടെ എന്‍.എം ജോസഫ് 1076 വോട്ടിന് ജയിച്ചു. 45.91% വോട്ട് നേടി പി.സി ജോര്‍ജ് രണ്ടാമതായി. 1991 ലെ തെരഞ്ഞെടുപ്പില്‍ ജോയ് എബ്രഹാമിലൂടെ കേരള കോണ്‍ഗ്രസ് എം സീറ്റ് നേടി. ജനതാദളിന്‍റെ എന്‍.എം ജോസഫിനെ 10,418 വോട്ടിനാണ് ജോയ് എബ്രഹാം തോല്‍പ്പിച്ചത്. 1996ല്‍ ഒരു ഇടവേളക്ക് ശേഷം പൂഞ്ഞാറിലെ മത്സരരംഗത്തേക്ക് മടങ്ങിവന്ന പി.സി ജോര്‍ജ് ജയിച്ചു. സിറ്റിങ് എംഎല്‍എയെ 10,136 വോട്ടിനാണ് പി.സി തോല്‍പ്പിച്ചത്. 1996ല്‍ പി.സി തുടക്കമിട്ടത് തുടർച്ചയായ തെരഞ്ഞടുപ്പ് ജയത്തിന്. കേരള കോണ്‍ഗ്രസ് എമ്മിന്‍റെ അഡ്വ ടി.വി എബ്രഹാം കടുത്ത മത്സരത്തിന് വഴിയൊരുക്കിയെങ്കിലും 1,894 വോട്ടിന് പി.സി ജോര്‍ജ് സീറ്റ് നിലനിര്‍ത്തി. 1047 വോട്ട് നേടിയ പിസി ജോര്‍ജിന്‍റെ അപരന്‍ മൂന്നാമതെത്തി. 2006ല്‍ കേരള കോണ്‍ഗ്രസ് സെക്യുലറിനായി മത്സരിച്ച പി.സി കേരള കോണ്‍ഗ്രസ് എമ്മിന്‍റെ ടി.വി എബ്രഹാമിനെ 7,637 വോട്ടിന് തോല്‍പ്പിച്ചു.

നിയമസഭ തെരഞ്ഞെടുപ്പ് 2011

ഇത്തവണ പി.സി ജോര്‍ജ് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി. തുടര്‍ച്ചായ നാലാം മത്സരത്തില്‍ 14,984 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു പി.സിയുടെ ജയം. 50.77% വോട്ട് പി.സി നേടിയപ്പോള്‍ സ്വതന്ത്രനായ മോഹന്‍ തോമസിന് 37.44% വോട്ട് മാത്രമാണ് നേടാനായത്.

നിയമസഭ തെരഞ്ഞെടുപ്പ് 2016

നിയമസഭ തെരഞ്ഞെടുപ്പ് ഫലം 2016
നിയമസഭ തെരഞ്ഞെടുപ്പ് ഫലം 2016

മൂന്ന് മുന്നണികളുടെയും പിന്തുണയില്ലാതെ പി.സി ജോര്‍ജ് സ്വതന്ത്രനായി മത്സരത്തിനിറങ്ങി. കേരള കോണ്‍ഗ്രസ് എമ്മിന്‍റെ ജോര്‍ജ്‌കുട്ടി അഗസ്തിക്കെതിരെ 27,821 വോട്ടിന്‍റെ ഞെട്ടിക്കുന്ന ജയമാണ് പി.സി നേടിയത്. മണ്ഡലത്തില്‍ ഒറ്റക്ക് മത്സരിച്ച് നേടിയ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം പി.സി ജോര്‍ജിന്‍റെ വ്യക്തി പ്രഭാവത്തിന്‍റെ തെളിവാണ്. മുഖ്യമന്ത്രി നേരിട്ടെത്തി പ്രചാരണം നടത്തിയിട്ടും ജനാധിപത്യ കേരള കോണ്‍ഗ്രസിലെ പി.സി ജോസഫ് മൂന്നാമതായി.

തദ്ദേശ തെരഞ്ഞെടുപ്പ് 2020

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം 2020

തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ വോട്ട് വിഹിതത്തില്‍ ഇടത്- വലത് മുന്നണികള്‍ തമ്മില്‍ വലിയ വ്യത്യാസമില്ല. എൽഡിഎഫ്‌ 54,202 വോട്ടും യുഡിഎഫ്‌ 52,498 വോട്ടും നേടി. ബിജെപിക്ക് 14,159 വോട്ട് മാത്രമാണ് നേടാനായത്. ഈരാറ്റുപേട്ട നഗരസഭയും എരുമേലി, കോരുത്തോട്, തീക്കോയി പഞ്ചായത്തുകളും യുഡിഎഫ് നേടി. പാറത്തോട്, കൂട്ടിക്കല്‍, പൂഞ്ഞാര്‍, മുണ്ടക്കയം, പൂഞ്ഞാര്‍ തെക്കേക്കര തിടനാട് പഞ്ചായത്തുകള്‍ എല്‍ഡിഎഫിനൊപ്പം നിലകൊണ്ടു.

ABOUT THE AUTHOR

...view details