കേരളം

kerala

ETV Bharat / city

അഴിമതിയുടെ പേരില്‍ ജയിയിലാകുന്ന ആദ്യ മുഖ്യമന്ത്രി പിണറായി ആയിരിക്കുമെന്ന് പി.കെ. കൃഷ്ണദാസ്

ലാവ്‌ലിന്‍ കേസ് ഉയര്‍ത്തിക്കാട്ടിയാണ് പി.കെ കൃഷ്‌ണദാസിന്‍റെ അഭിപ്രായപ്രകടനം. പാലാരിവട്ടം അഴിമതിയില്‍ പിണറായി സര്‍ക്കാരിനും പങ്കണ്ടെന്നും കൃഷ്‌ണദാസ് ആരോപിച്ചു.

അഴിമതിയുടെ പേരില്‍ ജയിയിലാകുന്ന ആദ്യ മുഖ്യമന്ത്രി പിണറായി ആയിരിക്കുമെന്ന് പി.കെ. കൃഷ്ണദാസ്

By

Published : Sep 20, 2019, 5:30 PM IST

കോട്ടയം: അഴിമതി നടത്തിയവരെല്ലാവരും സർക്കാർ ഭക്ഷണം കഴിക്കേണ്ടി വരുമെന്ന മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് മറുപടിയുമായി ബിജെപി. അഴിമതി നടത്തിയതിന്‍റെ പേരില്‍ ആദ്യം അകത്തുപോകുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനായിരിക്കുമെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി അടുത്ത മാസമാദ്യം പരിഗണിക്കാനിരിക്കുകയാണ്. കേസിൽ മുഖ്യമന്തിയുടെ പങ്ക് തെളിയാനാണ് സാധ്യത, ജയിലിലെ ഭക്ഷണം കഴിക്കാൻ അദ്ദേഹം തയാറാകേണ്ടി വരുമെന്നും കൃഷ്‌ണദാസ് കോട്ടയത്ത് പറഞ്ഞു.

അഴിമതിയുടെ പേരില്‍ ജയിയിലാകുന്ന ആദ്യ മുഖ്യമന്ത്രി പിണറായി ആയിരിക്കുമെന്ന് പി.കെ. കൃഷ്ണദാസ്
പാലാരിവട്ടം പാലം അഴിമതിയിൽ ഇടതുസർക്കാരിന്‍റെ കാലഘട്ടം കൂടി അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും കൃഷ്‌ണദാസ് ആവശ്യപ്പെട്ടു. എല്‍ഡിഎഫ് സർക്കാർ പുറത്തിറക്കിയ അവരുടെ 100 ദിന നേട്ടപ്പട്ടികയിൽ ഈ പാലവുമുണ്ടായിരുന്നു. പാലത്തിന്‍റെ പണികളിൽ 70 ശതമാനം യുഡിഎഫും 30 ശതമാനം എല്‍ഡിഎഫും ആണ് പൂർത്തിയാക്കിയത്. പാലത്തിന് ഗുണനിലവാര സർട്ടിഫിക്കറ്റ് നൽകിയത് ഈ സർക്കാരിന്റെ കാലത്താണ്. ഉദ്യോഗസ്ഥരില്‍ സമ്മർദം ചെലുത്തിയാണ് സർട്ടിഫിക്കറ്റ് നൽകിയത്. അതുകൊണ്ട് തന്നെ മന്ത്രി ജി.സുധാകരനും മൊബൈൽ സ്വിച്ച് ഓഫ് ചെയ്യേണ്ടി വരുമെന്നും ബിജെപി നേതാവ് പരിഹസിച്ചു. പാലം അഴിമതിയിൽ ഉമ്മൻ ചാണ്ടിക്കും പങ്കുണ്ട്. അങ്ങനെ നടന്നാൽ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും സംസ്ഥാന നേതൃയോഗം ജയിലിൽ കൂടേണ്ടി വരുമെന്നും കൃഷ്‌ണദാസ് കൂട്ടിച്ചേര്‍ത്തു.അഴിമതിക്കെതിരേ പോരാടാൻ എന്‍ഡിഎയ്ക്കു മാത്രമാണ് സാധിക്കുന്നത്. പാലായിലെ ജനങ്ങൾ അഴിമതിരഹിത ഭരണം ആഗ്രഹിക്കുന്നു. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും കോൺഗ്രസിനെയും സി പി എമ്മിനെയും ഒഴിവാക്കിക്കഴിഞ്ഞു. കേരളത്തിലും അത് സംഭവിക്കുമെന്നും പാലായില്‍ എൻ. ഹരി മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു

ABOUT THE AUTHOR

...view details