കോട്ടയം:ഈ ഓണക്കാലത്തും ചമയങ്ങൾ വാടകയ്ക്ക് നൽകുന്നവരുടെ മുഖത്ത് ചിരിയില്ല. ഓണാഘോഷം ഇല്ലാത്തതിനാൽ ഇത്തവണയും മാവേലി വേഷങ്ങളും പുലി വേഷങ്ങളും വിശ്രമത്തിലാണ്. കൊവിഡ് പ്രതിസന്ധിയിൽ തകർന്ന മേഖലയ്‌ക്ക് അവസാന പ്രതീക്ഷയായിരുന്നു ഓണക്കാലം. എന്നാൽ ഇത്തവണയും ആഘോഷങ്ങളില്ലാതെയുള്ള ഓണം ഇക്കൂട്ടരെ പ്രതിസന്ധിയിലാക്കി. ആഘോഷങ്ങൾക്ക് വിലക്ക് വന്നതോടെ മാവേലിയുടെ വേഷ ഭൂഷാദികളും ചമയങ്ങളും വാടകയ്ക്ക് വാങ്ങാനാളില്ലാതായി.
ആഘോഷമില്ലാതെ ഓണം; പ്രതിസന്ധിയിലാണ് ഈ മേഖല
കൊവിഡിന് മുമ്പ് ഓണക്കാലത്ത് മാവേലി വേഷങ്ങൾക്കും പുലിവേഷങ്ങൾക്കും ആവശ്യക്കാർ ഏറെയായിരുന്നു. മാവേലിയുടെ കിരീടം, ഉടയാടകൾ, ആഭരണങ്ങൾ, ഓലക്കുട, പാദുകം, വെപ്പുമുടി തുടങ്ങിയവയെല്ലാം വാടകയ്ക്ക് ആവശ്യപ്പെട്ട് വരുന്നവരുടെ തിരക്കായിരുന്നു ഈ കടകളിൽ. ചമയങ്ങൾ വാടകയ്‌ക്ക് നൽകുന്നവർക്ക് ഓണക്കാലത്ത് നല്ല വരുമാനവും ലഭിച്ചിരുന്നു. സ്‌കൂളുകളിലും ബാങ്കുകളിലും മറഅരഅ ഓഫീസ് സ്ഥാപനങ്ങളിലുമൊക്കെ ഓണാഘോഷം സംഘടിപ്പിക്കുന്നതിനാൽ പലപ്പോഴും ഇവ വാടകയ്‌ക്ക് നൽകാൻ തികയാതെ വരുന്ന കാലവും ഉണ്ടായിരുന്നു. എന്നാൽ തുടർച്ചയായ രണ്ടാം വർഷമാണ് ഓണക്കാലം കൊവിഡിൽ മുങ്ങുന്നത്.