കോട്ടയം : ഹൗസ് ബോട്ടുകളുടെ പാർക്കിങ്ങിനായി നിർമിച്ച കുമരകം നാലുപങ്ക് ബോട്ട് ടെർമിനൽ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും പ്രവർത്തന സജ്ജമായില്ല. നടത്തിപ്പ് അവകാശം സംബന്ധിച്ച് പഞ്ചായത്തും ടൂറിസം വകുപ്പും തമ്മിലുള്ള തർക്കം മൂലം കോടികൾ മുടക്കി നിർമിച്ച ഹൗസ് ബോട്ട് ടെർമിനൽ നശിക്കുകയാണ്.
പാർക്ക് ചെയ്യാനാകാത്തവിധം അശാസ്‌ത്രീയമായാണ് ടെർമിനലിന്‍റെ നിർമാണമെന്ന് ബോട്ടുടമകള്‍ പരാതിപ്പെടുന്നു. കോടികൾ മുടക്കിയാണ് നാലുപങ്കിൽ ടൂറിസം വകുപ്പ് ബോട്ട് ടെർമിനൽ നിർമിച്ചത്.
നടത്തിപ്പ് സംബന്ധിച്ച തർക്കം; പ്രവർത്തന ക്ഷമമാകാതെ കുമരകം നാലുപങ്ക് ബോട്ട് ടെർമിനൽ സർക്കാർ രേഖകളിൽ ടൂറിസം വകുപ്പിനാണ് നടത്തിപ്പ് ചുമതലയെന്ന് പറയുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച് വ്യക്തത ഉണ്ടായിട്ടില്ല. കാറ്റിന് എതിർ ദിശയിൽ നിർമിച്ച പാർക്കിംഗ് ഏരിയയിൽ ബോട്ടുകൾ നിർത്താൻ ബുദ്ധിമുട്ടാണെന്നും ഉടമകള്‍ പരാതിപ്പെടുന്നു.
READ MORE:കുമരകം നാലു പങ്കിലെ ബോട്ട് ടെർമിനൽ നോക്കുകുത്തിയാകുന്നു
ഡിടിപിസിയുടെ വാച്ച് മാൻ പോയതോടെ രാത്രി കാലങ്ങളിൽ ഇവിടെ സാമൂഹ്യ വിരുദ്ധർ തമ്പടിക്കുന്നു. ബോട്ട് ടെർമിനലിൽ കൂടുതൽ സൗകര്യങ്ങൾ വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അശാസ്‌ത്രീയമാണ് നിർമാണമെന്ന് തോന്നുന്നില്ലെന്നും കുമരകം പഞ്ചായത്ത് പ്രസിഡന്‍റ് ധന്യ സാബു പ്രതികരിച്ചു.