കോട്ടയം: കേരള കോൺഗ്രസിൽ പി ജെ ജോസഫ് ജോസ് കെ മാണി വിഭാഗങ്ങൾ വിട്ടു വീഴ്ച്ചക്കില്ലെന്ന നിലപാട് കടുപ്പിച്ചതോടെ യുഡിഎഫ് സമവായ ശ്രമവും പരാജയപ്പെടുന്നു. സമവായ ചർച്ചക്ക് ശേഷമുള്ള പി ജെ ജോസഫിന്‍റെയും ജോസ് കെ മാണിയുടെയും പ്രതികരണങ്ങള്‍ ഇത് കൂടുതൽ വ്യക്തമാകുന്നു. ജോസ് കെ മാണിയുടെ ചെയർമാൻ സ്ഥാനം അംഗികരിച്ചുള്ള യാതൊരു സമവായത്തിനും ഒരുക്കമല്ലെന്ന് പി ജെ ജോസഫും ചെയർമാൻ പദവി വിട്ടുള്ള സമവായത്തിന് തയ്യാറല്ലെന്ന് ജോസ് കെ മാണിയും നിലപാടെടുത്തതോടെ യുഡിഎഫ് നേതാക്കളുമായുള്ള ചർച്ചക്ക് ശേഷവും വ്യക്തമാക്കിയിരുന്നു.
കേരള കോണ്‍ഗ്രസ് തർക്കം; യുഡിഎഫ് സമവായ ശ്രമങ്ങളും വിഫലമാകുന്നു
ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഇരുവിഭാഗവും ഉറച്ച് നില്‍ക്കുന്നു
പാര്‍ലമെന്‍ററി പാര്‍ട്ടിയില്‍പോലും കൂടിയാലോചന നടത്താതെ നിയമസഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കിയ മോന്‍സ് ജോസഫിന്‍റെ നടപടിയാണ് യോജിപ്പിന്‍റെ അന്തരീക്ഷം തകരുന്നതിന് തുടക്കം കുറിച്ചതെന്ന് റോഷി അഗസ്റ്റിൻ പറയുന്നു. സമവായത്തിനായി നില്‍ക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കുമ്പോള്‍ തന്നെ ചെയര്‍മാനായി സ്വയം അവരോധിച്ചുകൊണ്ട് ഇലക്ഷന്‍ കമ്മീഷന് കത്ത് നല്‍കിയതും സമവായ സാധ്യത തല്ലിക്കെടുത്തിയെന്ന് റോഷി അഗസ്റ്റിൻ ആരോപിക്കുന്നു. നേതാക്കൾ പരസ്പരം വാക്ക് പോരുമായി എത്തിയതോടെ പഴിചാരലുകൾ ഒഴിവാക്കണമെന്ന ആഹ്വാനം യുഡിഎഫ് നേതാക്കൾ ഇരു വിഭാഗത്തിനും നൽകി. പാർട്ടി ചിഹ്നം വിട്ടുനൽകില്ലെന്ന നിലപാട് കൂടി പി ജെ ജോസഫ് എടുത്തതോടെ പാലാ ഉപതെരഞ്ഞെടുപ്പിലടക്കം ഇരുവിഭാഗങ്ങളും തമ്മിലുള്ള തർക്കം കൂടുതൽ കലുഷിതമാകാനാണ് സാധ്യത.