കോട്ടയം: കോട്ടയം ഒളശ്ശയിൽ വീടിൻ്റെ അടുക്കള വാതിൽ പൊളിച്ച് മോഷണം. ഒളശ്ശ പള്ളിക്കവല അലക്കടവ് സ്വദേശി പ്രശോഭ് ദേവസ്യയുടെ വീട്ടില്‍ നിന്ന് എട്ട് പവന്‍ സ്വര്‍ണമാണ് മോഷണം പോയത്. ഞായറാഴ്‌ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം.
മോഷണം നടന്ന വീടിന്‍റ ദൃശ്യം അടുക്കള വാതിൽ തകർത്ത് അകത്ത് കടന്ന മോഷ്‌ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വര്‍ണത്തിന്‍റെ രണ്ട് ബ്രേസ്‌ലെറ്റുകൾ, രണ്ട് മാല, കമ്മലുകൾ എന്നിവ കവർന്നു. ഇതിന് ശേഷം അടുത്ത മുറിയിൽ മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയുടെ കഴുത്തിലെ മാല പൊട്ടിക്കാനും ശ്രമിച്ചു. പെൺകുട്ടി ഉണർന്ന് ബഹളം വച്ചതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു.
തുടര്‍ന്ന് കോട്ടയം വെസ്റ്റ് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സംഭവ സ്ഥലത്ത് എത്തിയപ്പോൾ വീട്ടിലേക്കുള്ള വഴിയിൽ സംശയാസ്‌പദമായി ഒരാൾ ബൈക്കിൽ പോകുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇയാളെ പിന്തുടര്‍ന്നെങ്കിലും ഇയാള്‍ ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
പരിശോധനയിൽ തിരുവല്ല സ്വദേശിയുടെ മോഷണം പോയ ബൈക്കാണ് ഇതെന്ന് തിരിച്ചറിഞ്ഞു. ഇതിന് പുറമേ സമീപത്തെ മറ്റൊരു വീട്ടിൽ നിന്നും ബൈക്ക് മോഷണം പോയിട്ടുണ്ട്. ഒളശ്ശ സ്വദേശി ബിജുവിൻ്റെ ഹോണ്ട ബൈക്കാണ് മോഷണം പോയത്. രണ്ട് കേസിലും പൊലീസ് അന്വേഷണം ആരംഭിച്ചു.
Also read: 'ഇങ്ങനെയുണ്ടോ ഒരു മോഷണം': മൂന്ന് പേർ വന്നു, ഒരു വീട്ടിലേക്ക് ആവശ്യമുള്ളതെല്ലാം കൊണ്ടുപോയി!!!...