കോട്ടയം:കൊവിഡ് സാഹചര്യത്തില്‍ മാനസിക സംഘര്‍ഷം നേരിടുന്നവര്‍ക്കായി കോട്ടയം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നടപ്പാക്കുന്ന ഒറ്റയ്ക്കല്ല കൂടെയുണ്ട് കോട്ടയം ഒരു മാതൃകാ പദ്ധതിയാണെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കൊവിഡുമായി ബന്ധപ്പെട്ട് മാനസിക പിരിമുറുക്കം നേരിടുന്ന നിരവധി പേര്‍ നമ്മുടെ നാട്ടിലുണ്ട്. പിന്തുണയുമായി സമൂഹം ഒപ്പമുണ്ട് എന്ന സന്ദേശം അവര്‍ക്കു നല്‍കുന്നത് വലിയ കാര്യമാണ്. പ്രാദേശിക തലത്തില്‍ ഓരോ വീടുകളിലുമെത്തുന്ന രീതിയിലുള്ള ഈ പിന്തുണാ സംവിധാനം അഭിനന്ദനാര്‍ഹമാണ്. ഈ പദ്ധതി എല്ലാ സ്ഥലങ്ങളിലും ഏറ്റെടുക്കപ്പെടും. കൊവിഡ് പ്രതിരോധത്തിലും ചികിത്സയിലും ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ച്ചവെക്കാന്‍ കോട്ടയം ജില്ലയ്ക്ക് സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.
ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി
ഊര്‍ജ്ജിതമായ പ്രയത്‌നത്തിന്‍റെ ഫലമായാണ് ജില്ലയുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഗണ്യമായി കുറഞ്ഞത്. കൊവിഡിന്‍റെ രണ്ടാം തരംഗത്തെ നാം പൂര്‍ണമായും അതിജീവിച്ചിട്ടില്ല. പോസിറ്റിവിറ്റി പൂജ്യത്തില്‍ എത്തിക്കുന്നതിനായി പരിശ്രമിക്കണം. സ്വന്തം പരിസരത്ത് രോഗവ്യാപനം ഇല്ലെന്ന് ഉറപ്പാക്കും വിധത്തില്‍ ഓരോരുത്തരും ജാഗ്രത പുലര്‍ത്തണം. അതോടൊപ്പം മൂന്നാം തരംഗമുണ്ടായാല്‍ നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങളും സജീവമായി മുന്നോട്ടു കൊണ്ടുപോകണമെന്നും മന്ത്രി നിര്‍ദേശിച്ചു.