കോട്ടയം: മെഡിക്കൽ കോളജിൽ നിന്നും നവജാത ശിശുവിനെ തട്ടിയെടുത്ത കേസിൽ പ്രതി നീതുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. ആൾമാറാട്ടം, തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെ നാലു വകുപ്പുകളാണ് നീതുവിനു മേൽ ചുമത്തിയിരിക്കുന്നത്. ഈ മാസം 21 വരെയാണ് യുവതിയെ റിമാൻഡ് ചെയ്‌തിരിക്കുന്നത്. ഏറ്റുമാനൂർ കോടതിയിൽ ജഡ്‌ജിയുടെ പ്രത്യേക ചേംബറിലാണ് പ്രതിയെ ഹാജരാക്കിയത്.
വരുന്ന ചൊവ്വാഴ്‌ച തന്നെ പ്രതിക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്താൻ വേണ്ടി ആയിരിക്കും ഇത്. കുട്ടിയെ തട്ടിയെടുത്ത കേസിൽ നീതു മാത്രമാണ് പ്രതിയായിട്ട് ഉള്ളത്. കാമുകൻ ഇബ്രാഹിം ബാദുഷയ്ക്കെതിരെ വേറേ കേസെടുക്കും.