കോട്ടയം: വോട്ടെണ്ണൽ ദിവസം കോട്ടയം ജില്ലയില്‍ കനത്ത സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയതായി ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ അറിയിച്ചു. കേന്ദ്ര സായുധ സേന, സംസ്ഥാന സായുധസേന, ലോക്കൽ പൊലീസ് എന്നിവയെ ഉൾപ്പെടുത്തി ത്രിതല സുരക്ഷയാണ് കോട്ടയത്ത് ഒരുക്കിയിരിക്കുന്നത്.
കോട്ടയം ജില്ലയിലെ സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായതായി എസ്.പി ഹരിശങ്കർ 12 ഡിവൈഎസ്പിമാർ, 28 സിഐമാർ, 234 ഓഫീസർമാർ എന്നിവർക്കാണ് സുരക്ഷാ ചുമതല. രണ്ടു ബറ്റാലിയൻ സംസ്ഥാന സായുധസേന, ഒരു ബറ്റാലിയൻ സിആർപിഎഫ് സംഘത്തെയും വിന്യസിക്കും.
സ്ട്രോങ്ങ് റൂമിലും കൗണ്ടിംഗ് ഹാളിലും സിആർപിഎഫും, വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ പ്രവേശനകവാടത്തിൽ സംസ്ഥാന സായുധസേനയെയും സുരക്ഷയൊരുക്കും. കൗണ്ടിംഗ് കേന്ദ്രങ്ങൾക്ക് പുറത്ത് ഗതാഗത നിയന്ത്രണവും ക്രമസമാധാനപാലനവും ലോക്കൽ പൊലീസ് നിർവഹിക്കും.
ജില്ലയിലെ 13 ഓളം പ്രശ്നബാധിത പ്രദേശങ്ങളിൽ പ്രത്യേക സുരക്ഷയൊരുക്കും. കോട്ടയം ജില്ലയിൽ ഉൾപ്പെട്ട, പത്തനംതിട്ട മണ്ഡലത്തിലെ ഭാഗങ്ങളായ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പൊൻകുന്നം, കോട്ടയം മണ്ഡലത്തിൽ ഉൾപ്പെടുന്ന തലയോലപ്പറമ്പ് , ബ്രഹ്മമംഗലം വൈക്കം എന്നിങ്ങനെ പതിമൂന്നോളം കേന്ദ്രങ്ങളാണ് പ്രശ്നബാധിത മേഖലയായി വിലയിരുത്തി പ്രത്യേക സുരക്ഷ ഒരുക്കിയിരിക്കുന്നത്.
1090 എന്ന ടോൾ ഫ്രീ നമ്പറിൽ ക്രമസമാധാനപ്രശ്നങ്ങൾ അറിയിക്കാവുന്നതാണ് എന്നും എസ്പി അറിയിച്ചു.