കോട്ടയം :ഓളപ്പരപ്പില്‍ കളിവള്ളങ്ങൾക്ക് ശരവേഗത്തിൽ പായാൻ തുഴകൾ നിർമിക്കുന്നതിന്‍റെ തിരക്കിലാണ് ചിങ്ങവനം പാറക്കുളത്തുള്ള വേമ്പനാട് തുഴ നിർമാണ കേന്ദ്രത്തിലെ കൊച്ചുമോനും സംഘവും. സെപ്റ്റംബർ 4ന് നടക്കുന്ന ആലപ്പുഴ നെഹ്‌റു ട്രോഫി വള്ളംകളിക്ക് ചമ്പക്കുളം ചുണ്ടന് വേണ്ടി തുഴകൾ നിർമിക്കുന്നത് ഇവരാണ്. ആറന്മുള ഉതൃട്ടാതി വള്ളംകളിക്കുള്ള പള്ളിയോടത്തുഴയും ഇവർ തന്നെയാണ് നിർമിച്ചത്.
വേമ്പനാട് തുഴ നിർമാണ കേന്ദ്രം ഉടമ ബിനു കെ.ആറിന്‍റെ നേതൃത്വത്തിൽ 12 പേരാണ് തുഴ നിർമാണത്തിന് പിന്നില്‍. 35 ഓളം കളിവള്ളങ്ങൾക്കാണ് ഈ സീസണിൽ ഇവർ തുഴ നിർമിച്ചുനൽകിയത്. നട്ടാശേരി തുഴയും പള്ളിയോട തുഴയും കളിവള്ള തുഴയും ഈ സീസണില്‍ നിർമിച്ചു. ഇപ്പോള്‍ മങ്കൂസ് തുഴയാണ് നിർമിച്ച് കൊണ്ടിരിക്കുന്നത്.
മങ്കൂസ് തുഴ :പത്തിക്ക് വീതി കൂടുതലുള്ള മങ്കൂസ് തുഴ തന്നെയാണ് കൂടുതലും നിർമിക്കുന്നത്. ചുണ്ടൻ വള്ളങ്ങളുടെ കൂമ്പിലും കട്ടപ്പടിയെന്നുപറയുന്ന പിൻഭാഗത്തുo പരമ്പരാഗത തുഴകൾ ആണ് ഉപയോഗിക്കുന്നത്. മധ്യഭാഗത്തെ തുഴച്ചിലുകാരാണ് മങ്കൂസ് തുഴ ഉപയാഗിക്കുന്നത്. ചുണ്ടന്‍ വള്ളങ്ങള്‍ക്ക് പുറമേ ചുരുളൻ വള്ളങ്ങൾക്കും സാധാരണ വള്ളങ്ങൾക്കും ഇവർ തുഴ നിർമിക്കുന്നുണ്ട്.