കോട്ടയം : പാർട്ടി സ്ഥാനങ്ങൾ പങ്കുവച്ചതിലെ തർക്കത്തിന് പിന്നാലെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ഭിന്നത രൂക്ഷമാകുന്നു. സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനത്തില്‍ നിന്നും വിട്ടുനിന്ന് ഫ്രാൻസിസ് ജോർജ് വിഭാഗം അതൃപ്‌തി പരസ്യമാക്കി.
ലയിച്ച് തർക്കിക്കുന്നു
ജോസഫ് വിഭാഗം പി.സി തോമസിന്‍റെ കേരള കോൺഗ്രസിൽ ലയിച്ചതോടെയാണ് ഭരണഘടനയിൽ മാറ്റം വരുത്തേണ്ടി വന്നത്. പി.സി തോമസിനെ വർക്കിങ് ചെയർമാനായും മോൻസ് ജോസഫിനെ എക്സിക്യൂട്ടീവ് ചെയർമാനായും തെരഞ്ഞെടുത്തതാണ് തർക്കത്തിന് കാരണം.
മുതിർന്ന നേതാക്കളായ ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ തുടങ്ങിയ നേതാക്കളെ വേണ്ട രീതിയിൽ പരിഗണിക്കാത്തതിലെ അതൃപ്തി അവർ തന്നെ ചെയർമാൻ പി.ജെ ജോസഫിനെ അറിയിച്ചിരുന്നു.
കോട്ടയത്ത് നടന്ന കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിൽ നിന്നും നേതാക്കൾ വിട്ടുനിന്നതോടെ അതൃപ്തി പരസ്യമായി. എന്നാൽ നേതാക്കൾ വിട്ടുനിന്നതിൽ അസ്വാഭാവികത ഇല്ലെന്നാണ് പിജെ ജോസഫിന്‍റെ പ്രതികരണം.
മുതിർന്ന നേതാക്കളുടെ അതൃപ്തി കേരള കോൺഗ്രസിൽ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പുറമെ ഇനിയൊരു പിളർപ്പുണ്ടായാൽ അത് പാർട്ടിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങളും അണിയറയിൽ ശക്തമാണ്.
also read:"കാല്‍കീഴിലെ മണ്ണ് ഒലിച്ചു പോകുന്നത് ഉടൻ അറിയും", മോൻസ് ജോസഫിനോട് എൻ ജയരാജ്