കേരളം

kerala

ETV Bharat / city

വൈക്കത്ത് താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തില്‍; ദുരിതത്തിലായി കുടുംബങ്ങൾ - HEAVY RAIN IN VAIKOM

താഴ്ന്ന പ്രദേശങ്ങളിലും കായലോര മേഖലയിലുമുള്ള വീടുകളിലാണ് വെള്ളം കയറിയത്. വെള്ളപ്പൊക്ക ഭീഷണിയെത്തുടർന്ന് മിക്ക കുടുംബങ്ങളും ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്.

ദുരിതത്തിലായി വൈക്കത്തെ കുടുംബങ്ങൾ  വൈക്കത്ത് വെള്ളപ്പൊക്കം  കോട്ടയത്ത് കനത്ത മഴ  വൈക്കത്ത് മഴ  RAIN IN KOTTAYAM  HEAVY RAIN IN VAIKOM  FLOOD IN VAIKOM
തോരാമഴയിൽ താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിലായി; ദുരിതത്തിലായി വൈക്കത്തെ കുടുംബങ്ങൾ

By

Published : Aug 4, 2022, 10:49 PM IST

കോട്ടയം:കനത്ത മഴയെത്തുടർന്ന് വൈക്കത്തെ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. തലയോലപറമ്പ്, വെള്ളൂർ, ചെമ്പ്, മറവൻതുരുത്ത്, ഉദയനാപുരം, വെച്ചൂർ, തലയാഴം, ടി.വി പുരം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലും കായലോര മേഖലയിലുമാണ് വെള്ളം കയറിയത്. തലയോലപറമ്പിലെ പാലാംകടവ്, അടിയം ഭാഗങ്ങളിൽ പുഴയിലെ ജലനിരപ്പുയർന്നതോടെ വെള്ളം വീടുകളുടെ മുറ്റം വരെ കയറി.

തോരാമഴയിൽ താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിലായി; ദുരിതത്തിലായി വൈക്കത്തെ കുടുംബങ്ങൾ

തേവലക്കാട്ട് 25 കുടുംബങ്ങൾ വെള്ളക്കെട്ടിലമർന്നു. ഇതിൽ ചില കുടുംബങ്ങൾ ബന്ധുവീട്ടിലേക്ക് മാറി. മറവൻതുരുത്ത് പഞ്ചായത്തിലെ മണലേൽ, കുളങ്ങര കോളനികളിൽ വെള്ളം കയറിയതോടെ ഇവിടെ താമസിക്കുന്ന കുടുംബങ്ങളുടെ ജീവിതം ദുരിത പൂർണമായി. ഇടവട്ടം- ചുങ്കം റോഡിലും വെള്ളം കയറിയിട്ടുണ്ട്.

മണലേൽ കോളനിയിലെ 15 കുടുംബങ്ങളും കുളങ്ങര കോളനിയിലെ 12 കുടുംബങ്ങളേയും മഴ തുടരുന്ന സാഹചര്യത്തിൽ ക്യാമ്പിലേക്ക് മാറ്റേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ചെമ്പ് പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളായ ഏനാദി, തുരുത്തുമ്മ ഭാഗങ്ങളിലെ 30ഓളം വീടുകളും വെള്ളക്കെട്ടിലായി. മഴ കനത്തതോടെ ഏനാദി, തുരുത്തുമ്മ ഭാഗങ്ങളിലെ കുടുംബങ്ങളെ മാറ്റി പാർപ്പിക്കാനുള്ള ശ്രമത്തിലാണ്.

ഉദയനാപുരം പഞ്ചായത്തിലെ വാഴമന, നേരേകടവ്, പനമ്പുകാട്, അക്കരപ്പാടം തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കയറി. ശക്തമായ കാറ്റിൽ ബ്രഹ്മമംഗലം മാർക്കറ്റിൽ നിന്ന തണൽ മരത്തിന്‍റെ വലിയ ശാഖ ഒടിഞ്ഞു വീണെങ്കിലും കാര്യമായ നാശനഷ്ടമുണ്ടായില്ല.

ടി.വി പുരം പഞ്ചായത്തിലെ ചെമ്മനത്തുകര, അറത്തറ, പരിയാത്തുകരി, കൊട്ടാരപള്ളി, മൂത്തേടത്തുകാവ്, അപ്പയ്ക്കൽ, കോട്ടച്ചിറ ഭാഗങ്ങളിലും വീടുകളിൽ വെള്ളം കയറി. മഴ തുടർന്നാൽ ക്യാമ്പ് തുടങ്ങാനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വെച്ചൂരിൽ പാടശേഖരങ്ങളേയും ഇതിന് നടുവിലെ കുടുംബങ്ങളെയും വെള്ളപ്പൊക്ക ദുരിതത്തിൽ നിന്ന് രക്ഷിക്കാൻ പമ്പിങ് ആരംഭിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details