കോട്ടയം: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പതിമൂന്നാം വാർഡ് പയ്യാനിതോട്ടത്തിൽ മത്സരിക്കുന്ന പാർവതി അമൽ മത്സരരംഗത്ത് സജീവമാകുബോൾ അച്ഛനും തെരഞ്ഞെടുപ്പിന്‍റെ തിരക്കിൽ തന്നെയാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ അച്ഛനും മകനും ഒരേ വാർഡിൽ മത്സരിക്കുന്നത് പലപ്പോഴും ശ്രദ്ധനേടിയിട്ടുണ്ട്. എന്നാൽ അച്ഛനും മകളും മത്സര രംഗത്ത് വന്നതിലൂടെ ശ്രദ്ധ നേടുകയാണ് കോട്ടയം പൂഞ്ഞാർ തെക്കേക്കര, ആലപ്പുഴ മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്തുകൾ. ആലപ്പുഴ മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തിൽ പതിനഞ്ചാം വാർഡ് ജനകക്ഷേമത്തിലാണ് അച്ഛൻ പി.കെ ജയകുമാർ മത്സര രംഗത്തുള്ളത്.
ജനവിധി തേടി സ്ഥാനാര്‍ഥികളായി അച്ഛനും മകളും - കോട്ടയം വാര്‍ത്തകള്‍
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പതിമൂന്നാം വാർഡ് പയ്യാനിതോട്ടത്തിൽ മത്സരിക്കുന്ന പാർവതി അമലും മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തിൽ പതിനഞ്ചാം വാർഡ് ജനകക്ഷേമത്തില്‍ അച്ഛൻ പി.കെ ജയകുമാറുമാണ് ജനവിധി തേടുന്നത്
രണ്ടു പേരും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായിട്ടാണ് മത്സരിക്കുന്നത്. ഡിവൈഎഫ്‌ഐ പൂഞ്ഞാർ ബ്ലോക്ക് ജോയിൻ സെക്രട്ടറി അമൽ ശശീന്ദ്രന്‍റെ ഭാര്യയാണ് പാർവതി. എം.എസ്‌സി ബി.എഡ് വിദ്യാഭ്യാസമുള്ള പാർവതി ഈരാറ്റുപേട്ടയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ അധ്യാപികയായിരിക്കെയാണ് കന്നി മത്സരത്തിന് രംഗത്ത് ഇറങ്ങിയത്.
അച്ഛൻ ജയകുമാർ മുൻ ദേശിയ വോളിബാൾ താരവും കെഎസ്ആർടിസി റിട്ടയേർഡ് ഉദ്യോഗസ്ഥനുമാണ്. കെഎസ്ആർടിസി തൊഴിലാളി സംഘടനയുടെ സംസ്ഥാന ട്രഷറർ ആയിരുന്ന ജയകുമാര്‍ നിലവിൽ സിപിഐയുടെ ലോക്കൽ കമ്മിറ്റി അംഗവുമാണ്. മുൻ പഞ്ചായത്ത് അംഗം സുനിത ജയൻ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ വോട്ട് ആകുമെന്ന പ്രതീക്ഷയിലാണ് പിതാവ് ജയൻ. പഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥികൂടിയായ പാർവതി യുവതത്വത്തിന്‍റെ കരുത്തിൽ അട്ടിമറി വിജയം നേടാമെന്ന പ്രതീക്ഷയിലാണ്.