കോട്ടയം: വാടകക്കെട്ടിടത്തില്‍ രണ്ട് പതിറ്റാണ്ടായി പ്രവര്‍ത്തിച്ച് വരുന്ന ഈരാറ്റുപേട്ട ഫയര്‍സ്റ്റേഷന് സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ നടപടി തുടങ്ങി. പി സി ജോര്‍ജ്ജ് എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപയാണ് നിര്‍മാണത്തിനായി അനുവദിച്ചിരിക്കുന്നത്. ഈരാറ്റുപേട്ട പൂഞ്ഞാര്‍ റോഡില്‍ മറ്റക്കാടിന് സമീപം പൊതുമരാമത്ത് വകുപ്പിന്‍റെ കൈവശമുള്ള 42.5 സെന്‍റ് സ്ഥലത്താണ് ഫയര്‍സ്റ്റേഷന്‍റെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നത്. എസ്റ്റിമേറ്റും പ്ലാനും സര്‍ക്കാരിന് നേരത്തെതന്നെ കൈമാറിയതാണെങ്കിലും നടപടികള്‍ വൈകുകയായിരുന്നു.
ഈരാറ്റുപേട്ട ഫയര്‍സ്റ്റേഷന് സ്വന്തമായി കെട്ടിടം ഒരുങ്ങുന്നു; നിര്‍മാണ പ്രവൃത്തികള്‍ക്ക് തുടക്കമായി - kottayam
പി സി ജോര്‍ജ്ജ് എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപയാണ് നിര്‍മാണത്തിനായി അനുവദിച്ചിരിക്കുന്നത്.
1998 ലാണ് ഈരാറ്റുപേട്ടയില്‍ ഫയര്‍സ്റ്റേഷന്‍ ആരംഭിക്കുന്നത്. അന്നുമുതല്‍ ഇന്നുവരെ മുഹയിദീന്‍ പള്ളി ചേന്നാട് കവല കോസ്‌വേയിലുള്ള ഇടുങ്ങിയ സ്ഥലസൗകര്യത്തിലാണ് ഫയര്‍സ്റ്റേഷന്‍റെ പ്രവര്‍ത്തനം. സ്റ്റേഷന്‍ ഓഫീസര്‍മാര്‍, ഫയര്‍മാന്‍മാര്‍, ഡ്രൈവര്‍, മെക്കാനിക് ജീവനക്കാര്‍ എന്നിവര്‍ക്ക് പരിമതമായ സൗകര്യങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത്. കോസ്‌വേയില്‍ നിന്നും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഏത് റോഡിലേക്കെത്തണമെങ്കിലും പ്രയാസമാണ്. രണ്ട് വാട്ടര്‍ ടെന്‍ഡര്‍ വാഹനങ്ങളും ഒരു ആംബുലന്‍സുമാണ് ഈരാറ്റുപേട്ട അഗ്നിശമനസേനക്കുള്ളത്.
ഈരാറ്റുപേട്ട നഗരസഭ പ്രദേശത്ത് നിന്നും മാറി പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലാവും പുതിയ കെട്ടിടം. മഴക്കാലത്തും വേനല്‍ക്കാലത്തും ഒട്ടേറെ ദുരന്തങ്ങളുണ്ടാകുന്ന കിഴക്കന്‍ മേഖലകളിലേക്ക് പുതിയ സ്റ്റേഷന്‍ നിര്‍മാണത്തിനായി കണ്ടെത്തിയ സ്ഥലത്തുനിന്നും വേഗത്തിലെത്തിച്ചേരാനാകും. ടൗണിലെ ഗതാഗതക്കുരുക്ക് കടന്നുകിട്ടാന്‍ ഏറെ സമയം വേണ്ടിവരുന്നതോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നാട്ടുകാര്‍ തന്നെ ഏറ്റെടുക്കേണ്ട അവസ്ഥയായിരുന്നു. ജനസാന്ദ്രതയേറിയതും ഇടുങ്ങിയ വഴികളുള്ളതുമായ മേഖലയില്‍ പെട്ടന്നെത്തിച്ചേരാനുതകുന്ന ചെറിയ വാഹനങ്ങളടക്കം നിരവധി സൗകര്യങ്ങള്‍ ഇനിയും ഫയര്‍സ്റ്റേഷന് ലഭ്യമാകേണ്ടതുണ്ട്.