കേരളം

kerala

ETV Bharat / city

ഏറ്റുമാനൂരിന്‍റെ മനസ് ആർക്കൊപ്പം - ഏറ്റുമാനൂർ മണ്ഡലം

സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന വി.എൻ വാസവനാണ് മണ്ഡലത്തില്‍ നിന്ന് എല്‍ഡിഎഫിനായി ജനവിധി തേടുന്നത്. കേരള കോണ്‍ഗ്രസിന്‍റെ സീറ്റ് യുഡിഎഫ് ജോസഫ് ഗ്രൂപ്പിനാണ് നല്‍കിയിരിക്കുന്നത്. പ്രിൻസ് ലൂക്കോസാണ് സ്ഥാനാര്‍ഥി. ടി.എൻ ഹരികുമാറാണ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാര്‍ഥി

Ettumanoor  ഏറ്റുമാനൂർ  തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍  election news  ഏറ്റുമാനൂർ മണ്ഡലം  election assembly seat
ഏറ്റുമാനൂർ

By

Published : Mar 22, 2021, 5:47 PM IST

കോട്ടയം:ജില്ലയില്‍ ഇടതുപക്ഷത്തിന് ഏറ്റവും ആത്മവിശ്വാസമുള്ള മണ്ഡലമാണ് ഏറ്റുമാനൂര്‍. 1991 മുതല്‍ 2016 വരെ ഒന്നും രണ്ടും സ്ഥാനത്ത് മാറി മാറിയെത്തിയ സിപിഎമ്മും കേരള കോണ്‍ഗ്രസ് എമ്മും ഒരേ മുന്നണിയുടെ ഭാഗമായപ്പോൾ കരുത്തും ആത്മവിശ്വാസവും വർധിച്ചിട്ടുണ്ട്. 1957ന് ശേഷം ഭൂരിഭാഗം തവണയും കോണ്‍ഗ്രസ്, സോഷ്യലിറ്റ് പാര്‍ട്ടികള്‍ ജയിച്ച മണ്ഡലമാണ് ഏറ്റുമാനൂര്‍. എന്നാല്‍ 2011ല്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി മണ്ഡലത്തില്‍ ചെങ്കൊടി ഉയര്‍ത്തിയ കെ. സുരേഷ് കുറുപ്പ് 2016ലും തെരഞ്ഞെടുക്കപ്പെട്ടതോടെ മണ്ഡലത്തില്‍ ഇടതുപക്ഷത്തിന് ശക്തമായ അടിത്തറയുണ്ടായിട്ടുണ്ട്. കേരള കോണ്‍ഗ്രസ് (എം) മുന്നണിയിലെത്തിയെങ്കിലും ഏറ്റുമാനൂര്‍ സീറ്റ് സിപിഎം വിട്ടുനല്‍കിയിട്ടില്ല. സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന വി.എൻ വാസവനാണ് മണ്ഡലത്തില്‍ നിന്ന് എല്‍ഡിഎഫിനായി ജനവിധി തേടുന്നത്. കേരള കോണ്‍ഗ്രസിന്‍റെ സീറ്റ് യുഡിഎഫ് ജോസഫ് ഗ്രൂപ്പിനാണ് നല്‍കിയിരിക്കുന്നത്. പ്രിൻസ് ലൂക്കോസാണ് സ്ഥാനാര്‍ഥി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് ഏറ്റുമാനൂര്‍ സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. പിന്നാലെ മുടി മുറിച്ച് പ്രതിഷേധിച്ച ലതിക സുഭാഷ് മണ്ഡലത്തെ കൂടുതല്‍ വാര്‍ത്തകളില്‍ നിറച്ചിരുന്നു. സ്വതന്ത്രയായി മത്സരിക്കുന്ന ലതിക സുഭാഷിന്‍റെ നിലപാട് മണ്ഡലത്തിലെ കോണ്‍ഗ്രസ് വോട്ടുകളെ സ്വാധീനിക്കാനിടയുണ്ട്. എൻഡിഎയിലും ഏറ്റുമാനൂര്‍ സീറ്റിനെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. ബിഡിജെഎസും ബിജെപിയും മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് ഏറെ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. ഒടുവില്‍ ടി.എൻ ഹരികുമാറാണ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാര്‍ഥിയെന്ന് ബിജെപി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.

മണ്ഡല ചരിത്രം

1957ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോസഫ് ജോര്‍ജാണ് മണ്ഡലത്തില്‍ നിന്നുള്ള ആദ്യ എംഎല്‍എ. 1960 തെരഞ്ഞെടുപ്പിലും ജോസഫ് വിജയം ആവര്‍ത്തിച്ചു. 1967ല്‍ സംയുക്‌ത സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥി പി.പി വില്‍സണ്‍ വിജയിച്ചു. 1970 മണ്ഡലം വീണ്ടും പാര്‍ട്ടി മാറി എസ്ഒപി സ്ഥാനാര്‍ഥി പി.ബി.ആര്‍ പിള്ള എംഎല്‍എ ആയി. 1977ലെ തെരഞ്ഞെടുപ്പില്‍ എസ്‌ഒപി വിട്ട് ഭാരതീയ ലോക് ദളില്‍ ചേര്‍ന്ന പി.ബി.ആര്‍ പിള്ളയെ ഏറ്റുമാനൂരിലെ വോട്ടര്‍മാര്‍ വീണ്ടും വിജയിപ്പിച്ചു. 1980ലാണ് മണ്ഡലത്തിലാദ്യമായി ചെങ്കൊടി ഉയരുന്നത്. സിപിഎം സ്ഥാനാര്‍ഥി വൈക്കം വിശ്വൻ മണ്ഡലത്തില്‍ മത്സരിച്ച് ജയിച്ചു. എന്നാല്‍ രണ്ട് വര്‍ഷം മാത്രമെ ആ എംഎല്‍എ പദത്തിന് ആയുസുണ്ടായിരുന്നുള്ളു. 1982 വീണ്ടും പൊതു തെരഞ്ഞെടുപ്പ്. ആ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം സ്ഥാനാര്‍ഥി ഇ.ജെ ലൂക്കോസ് വിജയിച്ചു. 1987ല്‍ സ്വതന്ത്രനായി മത്സരിച്ച ജോസഫ് ജോര്‍ജ് വീണ്ടും മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധാനം ചെയ്‌തു. 1991 മുതല്‍ 2006 വരെ നടന്ന തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂരിലെ വോട്ടര്‍മാര്‍ ഒരാളെ മാത്രമെ ജയിപ്പിച്ചുള്ളു. 20 വർഷവും കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാവ് തോമസ് ചാഴിക്കാടനായിരുന്നു മണ്ഡലത്തിലെ എംഎല്‍എ. 2011ല്‍ മണ്ഡലം ഇടതുപക്ഷം പിടിച്ചെടുത്തു. കെ. സുരേഷ് കുറുപ്പ് എംഎല്‍എ ആയി. 2016ലും മണ്ഡലത്തിലെ വോട്ടര്‍മാര്‍ സുരേഷ് കുറുപ്പിനെ വിജയിപ്പിച്ചു.

2011 നിയമസഭ തെരഞ്ഞെടുപ്പ്

തുടര്‍ച്ചയായുള്ള നാല് ജയങ്ങള്‍ നേടിയ ആത്മവിശ്വാസത്തില്‍ തോമസ് ചാഴിക്കാടന് വീണ്ടും കേരള കോണ്‍ഗ്രസ് സീറ്റ് നല്‍കി. മറുവശത്ത് കെ. സുരേഷ് കുറുപ്പിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കി. കടുത്ത പോരാട്ടത്തിനൊടുവില്‍ ചാഴിക്കാടന് തോല്‍വി. ആകെ പോള്‍ ചെയ്‌ത വോട്ടില്‍ 48.52 ശതമാനവും പിടിച്ച സുരേഷ് കുറുപ്പ് ഒന്നാമതെത്തി. 47 ശതമാനം വോട്ടാണ് തോമസ് ചാഴിക്കാടന് ലഭിച്ചത്. എല്‍ഡിഎഫിന് 1801 വോട്ടിന്‍റെ ഭൂരിപക്ഷം. മൂന്നാമതെത്തിയ ബിജെപി സ്ഥാനാര്‍ഥി വി.ജി ഗോപകുമാര്‍ 2.86 ശതമാനം വോട്ട് നേടി.

2016 നിയമസഭ തെരഞ്ഞെടുപ്പ്

2011ന്‍റെ തനിയാവര്‍ത്തനമായിരുന്നു 2016ലും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സുരേഷ് കുറുപ്പും യുഡിഎഫ് സ്ഥാനാര്‍ഥിയായി തോമസ് ചാഴിക്കാടനും. പക്ഷേ ഇത്തവണ കടുത്ത മത്സരമായിരുന്നില്ല. 8889 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ സുരേഷ് കുറുപ്പ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പക്ഷേ ഇരു മുന്നണികളുടെയും വോട്ട് വിഹിതത്തില്‍ കാര്യമായ കുറവുണ്ടായി. എല്‍ഡിഎഫിന് 40.67 ശതമാനവും യുഡിഎഫിന് 33.94 ശതമാനം വോട്ടുമാണ് ലഭിച്ചത്. ഇരു മുന്നണികളിലെയും വോട്ട് ചോര്‍ന്നത് എൻഡിഎയിലേക്കായിരുന്നു. ബിഡിജെഎസ് മത്സരിച്ച സീറ്റില്‍ എൻഡിഎ 20.82 ശതമാനം വോട്ട് നേടി വൻ മുന്നേറ്റം നടത്തി. എ.ജി തങ്കപ്പനായിരുന്നു സ്ഥാനാര്‍ഥി.

2016 തെരഞ്ഞെടുപ്പ്
2016 വിജയി

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം

ഏറ്റുമാനൂർ നഗരസഭയും അയ്‌മനം, ആർപ്പൂക്കര, കുമരകം, നീണ്ടൂർ, തിരുവാർപ്പ് പഞ്ചായത്തുകളും അടങ്ങുന്നതാണ് ഏറ്റുമാനൂർ നിയമസഭാ മണ്ഡലം. എല്‍ഡിഎഫിന് അനുകൂലമായാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. ആകെയുള്ള ആറ് തദ്ദേശ ഭരണസ്ഥാപനങ്ങളില്‍ നാലിടത്തും (അയ്‌മനം, കുമരകം,നീണ്ടൂർ, തിരുവാർപ്പ് പഞ്ചായത്തുകള്‍) എല്‍ഡിഎഫാണ് അധികാരത്തില്‍. ഏറ്റുമാനൂര്‍ നഗരസഭ, ആര്‍പ്പൂക്കര പഞ്ചായത്ത് എന്നിവിടങ്ങളില്‍ യുഡിഎഫാണ് അധികാരത്തില്‍.

ABOUT THE AUTHOR

...view details