കോട്ടയം :അമ്മ വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങള്‍ കവർന്ന കേസിൽ മകളെയും മരുമകനേയും പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കരമന കുന്നിൻപുറം സ്വദേശി കിരൺ രാജ് (26), ഭാര്യ ഐശ്വര്യ (22) എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്. പൊലീസ് ചോദ്യം ചെയ്യലിനിടെ മോഷണക്കുറ്റം പിതാവിന്‍റെ മേൽ ചുമത്താനും ഇവർ ശ്രമിച്ചിരുന്നു.
കുടുംബവീടായ ഏറ്റുമാനൂർ പേരൂരിൽ ഓണാവധിക്ക് വന്ന ഐശ്വര്യ അമ്മ പാലക്കാട് ജോലിക്ക് പോയ സമയത്താണ് വീട്ടിലുണ്ടായിരുന്ന 10 പവൻ സ്വർണം മോഷ്‌ടിച്ചത്. തുടർന്ന് മോഷ്‌ടിച്ച സ്വർണം തിരുവനന്തപുരം കരമനയിലെ ഭർതൃഗൃഹത്തിലേക്ക് കൊണ്ടുവരികയും ചെയ്‌തു. ഇതിനിടെ പാലക്കാട് നിന്ന് തിരിച്ചെത്തിയ അമ്മ, സ്വർണം നഷ്‌ടപ്പെട്ടതറിഞ്ഞ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൊലീസ് വീട്ടിലുണ്ടായിരുന്നവരെ ചോദ്യം ചെയ്‌ത സമയത്ത് ഐശ്വര്യ തന്‍റെ അച്ഛൻ സ്വർണം എടുക്കാൻ സാധ്യതയുണ്ട് എന്ന് പറഞ്ഞ് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചിരുന്നു. തുടർന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയ പരിശോധനയിൽ സ്വർണം മോഷ്‌ടിച്ചത് ഐശ്വര്യ തന്നെയാണെന്ന് കണ്ടെത്തുകയായിരുന്നു.
പിന്നാലെ പൊലീസ് ഐശ്വര്യയുടെ ഭർത്താവ് കിരണിന്‍റെ വീട്ടിൽ നിന്ന് മോഷണ മുതൽ കണ്ടെടുത്തു. എന്നാൽ മോഷ്‌ടിച്ച 10 പവൻ സ്വർണത്തിൽ അഞ്ച് പവൻ മുക്കുപണ്ടമാണെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മോഷ്‌ടിച്ച സ്വർണത്തിൽ അഞ്ച് പവൻ പണയം വച്ചെന്നും പകരം മുക്കുപണ്ടം വയ്‌ക്കുകയായിരുന്നുവെന്നും ഐശ്വര്യ പൊലീസിനോട് സമ്മതിക്കുകയായിരുന്നു.
പെൺകുട്ടിയുടെ ഇളയ സഹോദരിയുടെ വിവാഹ ആവശ്യത്തിനായി അമ്മ കരുതിയിരുന്ന സ്വർണമാണ് മൂത്ത മകളായ ഐശ്വര്യ അപഹരിച്ചത്. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്. രാജേഷ് കുമാർ, എസ്.ഐ സ്റ്റാൻലി, എ.എസ് ഐ അംബിക, സിവിൽ പൊലീസ് ഓഫിസർമാരായ സജി പി.സി, സൈഫുദ്ദീൻ, മനോജ് കെ.പി, സുഭാഷ് വാസു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി.