കോട്ടയം:തിരുവാറന്മുളയപ്പന് അഷ്‌ടമി രോഹിണി നാളിലെ വള്ളസദ്യയ്‌ക്ക് വിളമ്പാനുള്ള പാളത്തൈരുമായി കോട്ടയം ചേനപ്പാടി കരക്കാർ പുറപ്പെട്ടു. കിഴക്കേക്കര ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്രയായാണ് സംഘം ആറന്മുളയിൽ എത്തുക. 1500 ലിറ്റർ തൈരാണ് വഴിപാടായി സമർപ്പിക്കുന്നത്.
അഷ്‌ടമി രോഹിണി വള്ളസദ്യ: പാളത്തൈരുമായി ചേനപ്പാടി കരക്കാർ ആറന്മുളയിലേക്ക് പുറപ്പെട്ടു നൂറ്റാണ്ടുകൾ പഴക്കമുണ്ട് ഈ ആചാരത്തിന്. പണ്ട് കാലത്ത് മണിമലയാറ്റിലൂടെയും പമ്പയാറ്റിലൂടെയും വള്ളത്തിലാണ് തൈര് ക്ഷേത്രത്തിൽ എത്തിച്ചിരുന്നത്. എന്നാൽ ഇന്ന് റോഡ് മാർഗം വാഹനങ്ങളിലാണ് തൈര് എത്തിക്കുന്നത്.
ഭക്തർ എത്തിക്കുന്ന പാലും, വാഴൂർ തീർഥപാദാശ്രമത്തിൽ നിന്നും ശേഖരിക്കുന്ന പാലും ഭക്തരുടെ സാന്നിധ്യത്തിൽ ആശ്രമത്തിൽ ഉറയൊഴിക്കുന്നു. ഈ തൈര് കിഴക്കേക്കര ക്ഷേത്രത്തിൽ എത്തിച്ച് പാത്രങ്ങളിലും പാളയിലും നിറയ്‌ക്കുന്നു. തുടർന്ന് ഘോഷയാത്രയുടെ അകമ്പടിയോടെ ആറന്മുളയിലേക്ക് എത്തിക്കുന്നു. ഈ തൈരാണ് ആറന്മുളയപ്പന് അഷ്‌ടമി രോഹിണി വള്ളസദ്യക്ക് വിളമ്പുന്നത്.
വളരെ പണ്ട് കാലത്തേ ഉണ്ടായിരുന്ന ഈ ആചാരം ഇടയ്‌ക്ക് നിന്നു പോയിരുന്നു. എന്നാൽ ചേനപ്പാടി കരക്കാരുടെ കുട്ടായ പരിശ്രമത്താൽ ഏതാനും വർഷങ്ങൾക്ക് മുൻപ് ഇത് പുനരാരംഭിക്കുകയായിരുന്നു. വാഴൂർ തീർഥപാദാശ്രമം, കുറ്റിക്കാട്ട് ദേവസ്വം ട്രസ്റ്റ്, ചേനപ്പാടി കരക്കാർ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പാളതൈര് സമർപ്പണം നടക്കുന്നത്.