കേരളം

kerala

ETV Bharat / city

കോട്ടയത്ത് ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം ഒക്ടോബർ 25 വരെ നിർത്തിവച്ചു - kottayam rain news

ജില്ലയിലെ മലയോര മേഖലകളിലേക്ക് അത്യാവശ്യ കാര്യങ്ങൾക്ക് അല്ലാതെയുള്ള രാത്രികാല യാത്രയും ഒക്ടോബർ 25 വരെ നിരോധിച്ചിട്ടുണ്ട്.

ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം  ടൂറിസം വാർത്ത  കോട്ടയം വാർത്ത  കോട്ടയം ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം  കോട്ടയത്തെ പുതിയ വാർത്ത  കോട്ടയം ടൂറിസം വാർത്ത  kottayam tourism news  kottayam tourism entry suspended  kottayam rain news  kottayam rain updates news
കോട്ടയത്ത് ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം ഒക്ടോബർ 25 വരെ നിർത്തിവച്ചു

By

Published : Oct 20, 2021, 8:45 AM IST

കോട്ടയം:ജില്ലയിൽ വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പ് ലഭിച്ചതിനാൽ ഒക്ടോബർ 25 വരെ ജില്ലയിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളിലേക്കും പൊതുജനങ്ങൾക്കുള്ള പ്രവേശനം നിർത്തിവച്ചതായി ജില്ലാ കലക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. ജില്ലയിലെ മലയോര മേഖലകളിലേക്ക് അത്യാവശ്യ കാര്യങ്ങൾക്ക് അല്ലാതെയുള്ള രാത്രികാല യാത്രയും ഒക്ടോബർ 25 വരെ നിരോധിച്ചിട്ടുണ്ട്.

സജ്ജമായി ജില്ല ഭരണകൂടം

ജില്ലയിലെ മഴക്കെടുതി നേരിടാൻ സജ്ജമാണെന്നും ജില്ലാ കലക്‌ടർ വ്യക്തമാക്കി. മണ്ണിടിച്ചിൽ സാധ്യത കണ്ടെത്തിയ പ്രദേശങ്ങളിൽ നിന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റും. വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലും ജനങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റും. അപകട സാഹചര്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് പ്രസ്‌തുത മേഖലയിലെ ജനങ്ങൾ ആവശ്യമായ രേഖകൾ കൈയിൽ കരുതി ക്യാമ്പുകളിലേക്കോ സുരക്ഷിത സ്ഥാനത്തേക്കോ ദൂരെയുള്ള ബന്ധു വീടുകളിലേക്കോ മാറുന്നതിന് തയാറാകണമെന്ന് കലക്‌ടർ കൂട്ടിച്ചേർത്തു.

സ്വമേധയാ ആളുകൾ മാറിയില്ലെങ്കിൽ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാൻ നടപടിയെടുക്കുമെന്നും കലക്‌ടർ വ്യക്തമാക്കി. മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിലെ ജനങ്ങൾക്ക് ഉച്ചഭാഷിണിയിലൂടെയക്കം സുരക്ഷ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൊവ്വാഴ്‌ച മുതൽ തന്നെ അപകടമേഖലയിലുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിത്തുടങ്ങി.

ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിന് തഹസിൽദാരെയും വില്ലേജ് ഓഫീസറെയും തദ്ദേശസ്വയംഭരണ സെക്രട്ടറിയെയും ചുമതലപ്പെടുത്തി. ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് വാഹനസൗകര്യമൊരുക്കാൻ കെ.എസ്.ആർ.ടി.സി, ജലഗതാഗത വകുപ്പ് എന്നിവയ്ക്ക് നിർദേശം നൽകി.

മണ്ണിടിച്ചിൽ സാധ്യതയുള്ള ജില്ലയിലെ പ്രദേശങ്ങൾ

തീക്കോയി വില്ലേജ്: മംഗളഗിരി വ്രിപഞ്ഞിക്ക റോഡ് വാർഡ് നാല്, മുപ്പത്തേക്കർ റോഡ് വാർഡ് നാല്, തടിക്കൽ നിരപ്പ് വാർഡ് നാല്, വെളിക്കുളം വാർഡ് ഏഴ്, വെളികുളം എട്ടാം മൈൽ കോളനി വാർഡ് ആറ്, കരിക്കാട് മിഷ്യൻകര വാർഡ് ആറ്, മലമേൽ വാർഡ് എട്ട്, മംഗളഗിരി മാർമല അരുവി റോഡ് വാർഡ് നാല്

തലനാട് വില്ലേജ്‌: കിഴക്കേകര ശ്രീധർമ്മശാസ്‌താ ക്ഷേത്രം, ചോനമല- അടുക്കം റോഡ് വാർഡ് മൂന്ന്, ചോനമല ഇല്ലിക്കൽ റോഡ് വാർഡ് മൂന്ന്, ചാമപ്പാറ (അടുക്കം) വാർഡ് അഞ്ച്, അട്ടിക്കുളം വാർഡ് എട്ട്, ഞാലംപുഴ-അട്ടിക്കുളം വാർഡ് എട്ട്, വാർഡ് ഒമ്പത് മുതുകാട്ടിൽ

മൂന്നിലവ് വില്ലേജ്: മരമാറ്റം കോളനി വാർഡ് ഒമ്പത്, കൂട്ടക്കല്ല്.

കൂട്ടിക്കൽ വില്ലേജ്: കൊടുങ്ങ ടോപ്, ഞാറയ്ക്കാട്, പ്ലാപ്പള്ളി, പ്ലാപ്പള്ളി ടോപ് 106 നബർ അങ്കണവാടി, മേലേത്തടം- വല്യേന്ത ടോപ്, മേലേത്തടം- മൂന്ന് സ്ഥലങ്ങൾ, കൊടുങ്ങ, കുന്നട കൊടുങ്ങ ടോപ്, വല്യേന്ത, കോലാഹലമേട്.

പൂഞ്ഞാർ തെക്കേക്കര വില്ലേജ്: ചോലത്തടം, ചട്ടമ്പി ഹിൽ

പൂഞ്ഞാർ നടുഭാഗം വില്ലേജ്: അടിവാരം ടോപ്പ്, മാടാടി കുളത്തിങ്കൽ ടോപ്പ്

ക്യാമ്പുകളുടെ എണ്ണം 49 ആയി

ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ ആകെ എണ്ണം 49 ആയി. കാഞ്ഞിരപ്പള്ളി താലൂക്കിൽ 21ഉം കോട്ടയത്ത് 16ഉം ചങ്ങനാശേരിയിൽ എട്ടും മീനച്ചിലിൽ നാലും ക്യാമ്പുകളാണുള്ളത്. 794 കുടുംബങ്ങളിലായി 2883 അംഗങ്ങൾ ക്യാമ്പിലുണ്ട്. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ രക്ഷാ പ്രവർത്തനങ്ങൾക്കായി മൂന്നു മത്സ്യബന്ധന വള്ളങ്ങൾ ജില്ലയിൽ എത്തിച്ചിട്ടുണ്ട്.

ആവശ്യമെങ്കിൽ കൂടുതൽ ക്യാമ്പുകൾ ആരംഭിക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ക്യാമ്പുകൾ സജ്ജമാക്കുക. ക്യാമ്പുകളുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനായി റവന്യൂ-മറ്റു വകുപ്പുകളിൽ നിന്ന് ഉദ്യോഗസ്ഥരെ ക്യാമ്പ് ഓഫീസർമാരായി നിയോഗിച്ച് ഉത്തരവായി.

സർക്കാർ ജീവനക്കാർക്ക് 25 വരെ അവധിയില്ല

അടിയന്തര ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ജീവനക്കാരുടെ സേവനം ഉറപ്പാക്കുന്നതിനായി ഒക്‌ടോബർ 25 വരെ കോട്ടയം ജില്ലയിലെ സർക്കാർ ജീവനക്കാർക്ക് അവധി അനുവദിക്കില്ല. വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികൾ ഇതു സംബന്ധിച്ച നിർദേശം എല്ലാ ഓഫീസുകൾക്കും നൽകാൻ ഉത്തരവായി.

24 മണിക്കൂറും സജ്ജമായിരിക്കുന്നതിന്‍റെ ഭാഗമായി ഉദ്യോഗസ്ഥർ ഹെഡ്ക്വാർട്ടേഴ്‌സ് വിട്ട് മറ്റു ജില്ലകളിലേക്ക് പോകാൻ പാടുള്ളതല്ല. അവശ്യ സർവീസ് വിഭാഗങ്ങളിൽപ്പെടുന്ന വകുപ്പുകളുടെ ഓഫീസുകളും അവശ്യമെങ്കിൽ മറ്റ് ഓഫീസുകളും അവധി ദിവസങ്ങളിലും പ്രവർത്തിക്കും.

ഏകോപനത്തിന് പ്രത്യേക ഉദ്യോഗസ്ഥർ

ജില്ലയിലെ അഞ്ച്‌ താലൂക്കുകളിലും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഡെപ്യൂട്ടി കലക്‌ടർമാരെ നിയോഗിച്ചു. ഇവരുടെ നേതൃത്വത്തിലാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുക. ഇവരുടെ നേതൃത്വത്തിൽ താലൂക്കുതല ദുരന്തനിവാരണ അതോറിറ്റി കൂടി പ്രവർത്തനങ്ങളും മുൻകരുതൽ ഒരുക്കവും വിലയിരുത്തിയിട്ടുണ്ട്.

മലയോരമേഖലയിൽ അതീവ ജാഗ്രത

മലയോര മേഖലയിലെ അതിശക്തമായ മഴ വീണ്ടും ആശങ്ക സൃഷ്ടിക്കുന്നതിനാൽ കൂട്ടിക്കൽ, മുണ്ടക്കയം മേഖലയിൽ അതീവ ജാഗ്രത പുലർത്തും. സാധിക്കാവുന്ന മുഴുവൻ പേരെയും മുൻകൂട്ടി മാറ്റി പാർപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ചൊവ്വാഴ്‌ച മുതൽ ഇതിനാവശ്യമായ നടപടികൾ ആരംഭിച്ചു.

തീർഥാടകരെ പാർപ്പിക്കാനും സൗകര്യം

ശബരിമല പ്രവേശനത്തിനു നിരോധനമുള്ള സാഹചര്യത്തിൽ തുലാമാസ പൂജയ്ക്ക് സംസ്ഥാനത്തിന്‍റെ ഇതര ഭാഗങ്ങളിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലെത്തിയ തീർത്ഥാടകരെ ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിപ്പിക്കും. എരുമേലിയിലും ജില്ലയിലെ മറ്റ് ഇടത്താവളങ്ങളിലും തങ്ങുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. വി.വി.ഐ.പി.കൾക്ക് ശബരിമലയിലേക്കുള്ള പ്രവേശനം അനുവദിക്കില്ല.

ദുരിതാശ്വാസ പ്രവർത്തനത്തിന് മത്സ്യബന്ധന വള്ളങ്ങളും ബോട്ടുകളും

വെള്ളപ്പൊക്കമടക്കമുള്ള സാഹചര്യമുണ്ടായാൽ ദുരിതാശ്വാസ പ്രവർത്തനം നടത്തുന്നതിന് മത്സ്യബന്ധന വള്ളങ്ങളും ബോട്ടുകളും അടക്കം വിന്യസിക്കും. മത്സ്യത്തൊഴിലാളികളുടെ സേവനം ഇതിനായി ഉറപ്പാക്കും. ബോട്ടുകൾ ലഭ്യമാക്കാൻ ഡി.റ്റി.പി.സി.ക്കടക്കം നിർദേശം നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ജെ.സി.ബി. അടക്കമുള്ള വാഹനങ്ങൾ ലഭ്യമാക്കുന്നതിന് ആർ.ടി.ഒയെ ചുമതലപ്പെടുത്തി.

സേന വിഭാഗങ്ങൾ സജ്ജം

മണിമല, എരുമേലി കുറുവനാഴി, വെള്ളാവൂർ പാലത്തിൽ അടിഞ്ഞിരിക്കുന്ന മണ്ണ് നീക്കം ചെയ്യുന്നതിന് പൊതുമരാമത്ത് റോഡ്സ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി. പുഴകളിലെ നീരൊഴുക്കിന് തടസമായ മരങ്ങൾ, മണ്ണ് തുടങ്ങിയവ അടിയന്തരമായി നീക്കം ചെയ്യാൻ മേജർ-മൈനർ ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.

അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് പൂർണ സജ്ജരാണെന്ന് ഫയർഫോഴ്‌സ് വ്യക്തമാക്കി. ജില്ലയിൽ എത്തിയിട്ടുള്ള കരസേന ഇവിടെ തുടരും.

ALSO READ:പുതിയ പാർട്ടിയുമായി ക്യാപ്റ്റൻ, പഞ്ചാബില്‍ ബിജെപിക്ക് ഒപ്പം നില്‍ക്കാൻ ശ്രമം

ABOUT THE AUTHOR

...view details