എറണാകുളം:വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെടാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വഖഫ് മന്ത്രി വി. അബ്ദുറഹമാൻ. നിലവിൽ ബോർഡിന് കീഴിലെ വസ്‌തു വകകളുടെ നടന്ന് കൊണ്ടിരിക്കുന്ന സർവേ ജോലികൾ വേഗത്തിൽ പൂർത്തിയാക്കും. വഖഫ് സർവെ കമ്മിഷണറായി പ്രിൻസിപ്പൾ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷിനെ നിയമിച്ചതായും മന്ത്രി അറിയിച്ചു.
ബോർഡിന്‍റെ കീഴിലുള്ള വസ്‌തുവകകൾ സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കും. നിലവിലുള്ള വസ്‌തുവകകൾ സംരക്ഷിക്കുമെന്നും തർക്കങ്ങൾ രണ്ട് മാസത്തിനുള്ളിൽ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. വഖഫ് ബോർഡിന്‍റെ സാമൂഹിക ക്ഷേമ പദ്ധതികളുടെ തുക ഏകീകരിക്കും. നിലവിൽ സർക്കാർ നൽകുന്ന സാമൂഹിക ക്ഷേമ പദ്ധതികളുടെ തുക തന്നെ വഖഫ് ബോർഡിന് കീഴിൽ വരുന്ന ക്ഷേമ പദ്ധതികൾക്കും നൽകും. ക്ഷേമ പദ്ധതികളുടെ കുടിശ്ശിക രണ്ട് മാസത്തിനുള്ളിൽ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.