എറണാകുളം:പാലാരിവട്ടം പാലം പൊളിച്ചു പണിയാൻ അനുമതി നൽകിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ പ്രതികരണവുമായി മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ്. തന്‍റെ കൈകൾ ശുദ്ധമാണ്. സത്യം എപ്പോഴും ജയിക്കും. തന്നെ കുടുക്കാൻ നിരവധി ശ്രമങ്ങൾ നടന്നു. താൻ ഇതുമായി ബന്ധപ്പെട്ട് സാമ്പത്തികമായ ഇടപാടുകൾ നടത്തിയിട്ടില്ല. സാമ്പത്തികമായി ഒന്നും നേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രമക്കേട് നടന്നെങ്കിലും ഇല്ലെങ്കിലും തകരാർ സംഭവിക്കാറുണ്ട്. അത് പരിഹരിക്കേണ്ടത് പാലം നിർമിച്ച കാരാറുകാരാണ്. തകരാര്‍ മൂലമുണ്ടായ ബാധ്യത സർക്കാർ നേരത്തെ നിശ്ചയിച്ചിട്ടുണ്ട്. പാലം പൊളിച്ചു പണിയാൻ സർക്കാറിന് അനുമതി നൽകിയ കോടതി വിധി വിവാദമാക്കേണ്ടതില്ല. വിധി പകർപ്പ് കിട്ടിയിട്ടില്ല. അഴിമതിയും തകരാറും രണ്ടാണ്. അഴിമതി സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടക്കുകയാണെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.
പാലാരിവട്ടം പാലം നിര്‍മാണത്തില്‍ തന്‍റെ കൈകള്‍ ശുദ്ധമെന്ന് വികെ ഇബ്രാഹിംകുഞ്ഞ്
തന്നെ കുടുക്കാൻ നിരവധി ശ്രമങ്ങൾ നടന്നെന്നും പാലം പൊളിച്ചു പണിയാൻ സർക്കാരിന് അനുമതി നൽകിയ സുപ്രീം കോടതി വിധി വിവാദമാക്കേണ്ടതില്ലെന്നും മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.
ദേശീയപാതയിലെ പാലാരിവട്ടം പാലം പൊളിച്ച് പണിയാൻ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി ഇന്നലെയാണ് അനുമതി നൽകിയത്. പാലം പൊളിക്കുന്നതിന് മുമ്പ് ഭാര പരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു.
ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പാലം പണിയുന്നതില്‍ സംസ്ഥാന സർക്കാരിന് മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. സ്ട്രക്ച്ചറൽ എൻജിനീയർമാർ ഉൾപ്പടെ ഉള്ള വിദഗ്‌ധരാണ് മേൽപാലം അപകടാവസ്ഥയിലാണെന്ന് സർക്കാരിന് റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സർക്കാർ പാലം പൊളിക്കാൻ തീരുമാനിച്ചതിൽ തെറ്റില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.