എറണാകുളം: വഞ്ചിയൂർ കോടതിയില്‍ മജിസ്ട്രേറ്റിനെ അഭിഭാഷകർ ചേംബറില്‍ കയറി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രശ്ന പരിഹാരമായില്ല. കേരള ബാർ കൗൺസിൽ ചെയർമാനും, അഡ്വക്കേറ്റ് ജനറലും ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ പ്രശ്‌നം ഒത്തുതീര്‍പ്പായില്ല. ബാർ കൗൺസിൽ ഭാരവാഹികൾ നാളെ വഞ്ചിയൂർ കോടതിയിലെത്തി അഭിഭാഷകരെ കാണും. തുടര്‍ന്ന് ബുധാനാഴ്‌ച ബാര്‍ കൗണ്‍സില്‍ യോഗം ചേരും. ഹൈക്കോടതി ചീഫ് ജസ്‌റ്റിസുമായി വ്യാഴാഴ്‌ച വീണ്ടും ചര്‍ച്ച നടത്താനും ധാരണയായിട്ടുണ്ട്.
വഞ്ചിയൂര്‍ കോടതി സംഘര്‍ഷം; അനുനയ ചര്‍ച്ച പരാജയം മജിസ്ട്രേറ്റിന് വീഴ്‌ച സംഭവിച്ചുവെന്നും സംഭവത്തില്‍ ഹൈക്കോടതി സിറ്റിങ് ജഡ്ജി ഉൾപ്പെടുന്ന സമിതി അന്വേഷണം നടത്തണമെന്നുമാണ് ബാർ കൗൺസിലിന്‍റെ ആവശ്യം.
വാഹനാപകട കേസിൽ പ്രതിയായ ഡ്രൈവർ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് കേസിലെ വാദിയായ സ്‌ത്രീ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് വഞ്ചിയൂർ കോടതിയിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ദീപ മോഹനൻ പ്രതിയുടെ ജാമ്യം റദ്ദാക്കിയത്. ഇതിനെതിരെയാണ് ബാർ അസോസിയേഷൻ പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ ഒരു കൂട്ടം അഭിഭാഷകർ പ്രതിഷേധിച്ചത്.
സംഭവത്തിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് നൽകിയ പരാതിയിൽ അഭിഭാഷകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. തുടര്‍ന്ന് ജുഡീഷ്യൽ സ്റ്റാഫ് അസോസിയേഷന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നൽകി.
ഈ സാഹചര്യത്തിലാണ് പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിന് ബാർ കൗൺസിൽ ഭാരവാഹികൾ ചീഫ് ജസ്റ്റിസുമായി ചർച്ച നടത്തിയത്. മജിസ്ട്രേറ്റിനെ തടഞ്ഞിട്ടില്ലെന്നും പരാതിപ്പെടുക മാത്രമാണ് ചെയ്തതെന്നുമാണ് ബാർ കൗൺസിൽ അവകാശപ്പെടുന്നത്. മജിസ്ട്രേറ്റിന്‍റെ പക്വത കുറവാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് അഭിഭാഷകരുടെ വാദം.