തിരുവനന്തപുരം: കിഴക്കമ്പലത്ത് ട്വന്‍റി 20 പ്രവർത്തകൻ ദീപു മർദനമേറ്റ് മരിച്ച സംഭവത്തിൽ ശ്രീനിജന്‍ എംഎല്‍എയെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. യുവാവ് മരിച്ചത് ലിവര്‍ സിറോസിസ് മൂലമാണെന്ന് പ്രചരിപ്പിച്ച് മൃതദേഹത്തെ പോലും ഭരണപക്ഷ എംഎല്‍എ അപമാനിച്ചു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം തലയ്‌ക്കേറ്റ ക്ഷതമാണെന്ന് വ്യക്തമായിട്ടുണ്ട്. കൊലപാതക രാഷ്ട്രീയത്തെ ഒരിക്കലും അംഗീകരിക്കാനാവില്ല. സിപിഎം നടത്തിയ ദീപുവിന്‍റെ കൊലപാതകത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും സുധാകരൻ പറഞ്ഞു.
Also read: ദീപുവിന് അന്തിമോപചാരം അർപ്പിച്ച് കിഴക്കമ്പലം ; തലയോട്ടിയിലെ പരിക്ക് മരണകാരണമായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയവരെ സംരക്ഷിച്ചവരാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പാര്‍ട്ടി. ദളിത് വിരുദ്ധതയും ദളിത് വേട്ടയും രക്തത്തിലലിഞ്ഞ പാര്‍ട്ടിയാണ് സിപിഎം.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ദളിത് സമൂഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്. വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകാത്ത സാംസ്‌കാരിക നായകര്‍ കുറ്റകരമായ മൗനം പാലിക്കുന്നു. ഭരണകൂടത്തിന്‍റെ എച്ചില്‍ നക്കി ശിഷ്‌ടകാലം കഴിയാമെന്ന് കരുതുന്നവര്‍ കടുത്ത അനീതികള്‍ കണ്ടാലും പ്രതികരിക്കില്ലെന്നും സുധാകരൻ തുറന്നടിച്ചു.