എറണാകുളം:സംസ്ഥാനത്തെ ഓണാഘോഷത്തിന് തുടക്കം കുറിച്ച് അത്താഘോഷങ്ങൾക്ക് തൃപ്പൂണിത്തുറ രാജനഗരിയിൽ തുടക്കമായി. ശക്തമായ മഴയിൽ അത്തം നഗറും, പരിസരങ്ങളും വെള്ളത്തിൽ മുങ്ങിയെങ്കിലും, മഴ മാറിനിന്നതോടെ രണ്ട് മണിക്കൂർ വൈകിയാണ് ഉദ്‌ഘാടന ചടങ്ങ് നടന്നത്. തോമസ് ചാഴിക്കാടൻ എംപി അത്താഘോഷം ഉദ്‌ഘാടനം ചെയ്‌തു.
ഓണാഘോഷത്തിന് വര്‍ണാഭമായ തുടക്കം: അത്തച്ചമയത്തിന് ആർപ്പുവിളിച്ച് തൃപ്പൂണിത്തുറ രാജനഗരി അനൂപ് ജേക്കബ് എംഎൽഎ അത്ത പാതാക വാനിലേക്ക് ഉയർത്തി. നഗരസഭ ചെയർപേഴ്‌സൺ രമ സന്തോഷ് ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. പ്രതികൂല കാലാവസ്ഥയുടെ ആശങ്കകൾ വെയിലുദിച്ചതോടെ പ്രതീക്ഷയുടെ പൊൻകിരണമായി മാറി. കരിമരുന്ന് പ്രയോഗവും ചെണ്ടമേളങ്ങളും ആർപ്പുവിളികളും ഉയർന്നതോടെ അത്താഘോഷ ചടങ്ങുകൾ ആവേശകരമായി. പ്രശസ്‌ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി നയിച്ച സംഗീത വിരുന്നും കാണികളെ ആവേശം കൊള്ളിച്ചു.
കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് വിപുലമായ അത്തച്ചമയ ഘോഷയാത്ര നടന്നത്. സ്‌കൂൾ കുട്ടികൾ, എൻസിസി, സ്‌കൗട്ട്, കുടുംബശ്രീ, തെയ്യവും, പുലിക്കളിയും ഉൾപ്പടെ പരമ്പരാഗത കലാരൂപങ്ങൾ ഘോഷയാത്രയെ വർണ്ണാഭമാക്കി. വിവിധ കൂട്ടായ്‌മകളുടെ നേതൃത്വത്തിലുള്ള വിവിധ കലാരൂപങ്ങൾ, താളമേളങ്ങൾ നിശ്ചല ദൃശ്യങ്ങൾ അടങ്ങിയ 75 ലധികം പ്ലോട്ടുകൾ ഘോഷയാത്രയിൽ അണിനിരന്നു.
അത്തം ഘോഷയാത്ര ബോയ്‌സ് ഹൈസ്‌കൂളിൽ നിന്നും ആരംഭിച്ച് ആശുപത്രി ജങ്‌ഷൻ, സ്റ്റാച്യു, കിഴക്കേക്കോട്ട, പഴയ സ്റ്റാന്‍റ്, എസ്‌എൻ ജങ്‌ഷൻ വടക്കേക്കോട്ട, പൂർണ്ണത്രയീശ ക്ഷേത്രം, വീണ്ടും സ്റ്റാച്ചു വഴി നഗരം ചുറ്റി ബോയ്‌സ് ഹൈസ്‌കൂളിൽ അവസാനിക്കും. വൈകിട്ട് 5 മണിക്ക് ലായം കൂത്തമ്പലത്തിൽ ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന കലാമേള , ഓണം കലാസന്ധ്യയ്‌ക്ക് നടൻ ഹരിശ്രീ അശോകൻ തിരിതെളിയിക്കും.
രാജഭരണ കാലത്ത് ചിങ്ങമാസത്തിലെ അത്തം നാളിൽ പ്രത്യേക ചമയങ്ങൾ അണിഞ്ഞ് കൊച്ചി രാജാക്കന്മാർ സേന വ്യൂഹത്തോടും കല സാംസ്‌കാരിക ഘോഷയാത്രയോടും കൂടി പല്ലക്കിൽ നടത്തിയിരുന്ന എഴുന്നള്ളത്താണ് അത്തച്ചമയം എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. കാലം മാറി രാജഭരണം അവസാനിച്ചതോടെ ഘോഷയാത്ര നിലച്ചെങ്കിലും പിന്നീട് ജനകീയ കമ്മിറ്റികളുടെ നേതൃത്വത്തിൽ പുനഃസ്ഥാപിക്കുകയായിരുന്നു.
ഇപ്പോൾ തൃപ്പൂണിത്തുറ നഗരസഭയാണ് അത്താഘോഷം സംഘടിപ്പിക്കുന്നത്. രാജഭരണത്തിന്‍റെ ആസ്ഥാനമായിരുന്ന ഹിൽപാലസിൽ നിന്ന് അത്തം നഗറിൽ ഉയർത്താനുള്ള പതാക നഗരസഭാധ്യക്ഷ രാജകുടുംബത്തിന്‍റെ പ്രതിനിധിയിൽ നിന്ന് ഏറ്റുവാങ്ങി. നിരീക്ഷണ ക്യാമറകളും, സുരക്ഷയ്‌ക്കായി മുന്നൂറിലേറെ പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിരുന്നു.
താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘം, അഗ്നിരക്ഷ സേനയുടെ നേതൃത്വത്തിൽ ഫയർ ടെന്‍റുകൾ, സിവിൽ ഡിഫൻസ് അംഗങ്ങൾ പ്രദേശത്ത് സുരക്ഷയൊരുക്കി. രണ്ട് വർഷത്തിന് ശേഷം നടന്ന ഘോഷയാത്ര കാണാൻ പ്രതികൂല കാലാവസ്ഥയിലും നൂറുകണക്കിനാളുകൾ തൃപ്പൂണിത്തുറയിലെത്തിയിരുന്നു. അത്തച്ചമയ ആഘോഷങ്ങളുടെ ഭാഗമായി തൃപ്പൂണിത്തുറ നഗരസഭ പരിധിയിൽ ഇന്ന്(30.08.2022) പ്രാദേശിക അവധി പ്രഖ്യാപിച്ചു.