എറണാകുളം: തൃക്കാക്കര മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ഉമ തോമസ് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും. പി.ടി തോമസിന്‍റെ നിര്യാണത്തെ തുടർന്ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ പി.ടിയുടെ ഭാര്യയെ തന്നെ സ്ഥാനാർഥിയാക്കാന്‍ കെപിസിസി തീരുമാനിക്കുകയായിരുന്നു. കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ്റെ അധ്യക്ഷതയിൽ ചൊവ്വാഴ്‌ച ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ തര്‍ക്കങ്ങളില്ലാതെ ഐകകണ്‌ഠേനയാണ് സ്ഥാനാർഥിയുടെ പേര് തീരുമാനിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം ഹസൻ എന്നീ നേതാക്കള്‍ പങ്കെടുത്തു. വിജയസാധ്യത മാത്രമായിരുന്നു സ്ഥാനാർഥി നിർണയത്തിലെ മാനദണ്ഡം.
കഴിഞ്ഞ തവണത്തേക്കാൾ മികച്ച ഭൂരിപക്ഷം ഇത്തവണ നേടുമെന്ന് കെ സുധാകരനും വി.ഡി സതീശനും യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഘടകകക്ഷി നേതാക്കളോടും ആശയവിനിമയം നടത്തിയ ശേഷമാണ് സ്ഥാനാർഥിയുടെ പേര് ഹൈക്കമാൻഡിന് കൈമാറിയത്.
പഠനകാലത്ത് കെഎസ്‌യുവിന്‍റെ സജീവ പ്രവര്‍ത്തക :കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലെ ഫിനാന്‍സ് വിഭാഗത്തിലെ അസിസ്റ്റന്‍റ് മാനേജരാണ് ഉമ തോമസ്. എറണാകുളം മഹാരാജാസ് കോളജില്‍ 1980-85 കാലയളവിൽ പ്രീഡിഗ്രിയും ഡിഗ്രിയും പൂര്‍ത്തിയാക്കി. സുവോളജിയില്‍ ബിരുദം നേടിയ ഉമ തോമസ് സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദധാരിയാണ്.
മഹാരാജാസ് കോളജിലെ പഠനകാലത്ത് കെഎസ്‌യുവിന്‍റെ സജീവ പ്രവര്‍ത്തകയായിരുന്നു. 1982ൽ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യുവിന്‍റെ പാനലിൽ വനിത പ്രതിനിധിയായി വിജയിച്ച ഉമ തോമസ്, 84ൽ വൈസ് ചെയർപേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. അന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റായിരുന്നു പി.ടി തോമസ്. പില്‍ക്കാലത്ത് അദ്ദേഹത്തിന്‍റെ ജീവിത സഖിയുമായി.