കൊച്ചി:സിറോ മലബാർ സഭ കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസിൽ ഒന്നാം പ്രതിയായ ഫാ. പോൾ തേലക്കാട്ടിനെ നാലാം തവണയും പോലീസ് ചോദ്യം ചെയ്തു. പോൾ തേലക്കാട്ട് ജോലിചെയ്യുന്ന സത്യദീപം വാരികയുടെയുടെ കൊച്ചി ഓഫീസിലെത്തി അദ്ദേഹത്തിന്‍റെ കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക് കഴിഞ്ഞ ദിവസം രാത്രി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
വ്യാജ രേഖ കേസ്; ഫാ. പോൾ തേലക്കാട്ടിനെ വീണ്ടും ചോദ്യം ചെയ്തു - കർദിനാൾ
കൊച്ചി റേഞ്ച് സൈബർ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയാണ് മൊഴിരേഖപ്പെടുത്തിയത്
കൊച്ചി റേഞ്ച് സൈബർ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയാണ് മൊഴിരേഖപ്പെടുത്തിയത്. കർദിനാളിനെതിരായ രേഖകൾ മൂന്നാംപ്രതി ആദിത്യൻ ഒന്നാംപ്രതിയായ പോൾ തേലക്കാട്ടിന് ഇ-മെയിൽ അയച്ചിരുന്നു. ഇതിനു മറുപടിയായി പോൾ തേലക്കാട്ട് 'താങ്ക്സ്' എന്ന് സന്ദേശം അയച്ചതായി പോലീസ് കണ്ടെത്തി. ഏത് സാഹചര്യത്തിലാണ് ആദിത്യന് അത്തരത്തിൽ ഒരു മറുപടി നൽകിയതെന്ന് അന്വേഷണ സംഘം പോൾ തേലക്കാട്ടിനോട് ചോദിച്ചു.
അതേസമയം കേസിലെ പ്രതികളായ പോൾ തേലക്കാട്, ടോണികല്ലൂക്കാരൻ, ജാമ്യം ലഭിച്ച മൂന്നാം പ്രതി ആദിത്യൻ എന്നിവരോടും നാളെ വീണ്ടും ആലുവ ഡിവൈഎസ്പി ഓഫീസിൽ ഹാജരാകാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. വ്യാജരേഖ ചമച്ച കേസിൽ പോൾ തേലക്കാട്ട് ഉൾപ്പെടെയുള്ള വൈദികർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച അങ്കമാലി മറ്റൂർ പള്ളി വികാരിയും മുൻ വൈദിക സമിതി അംഗവുമായ ഫാ. ആന്‍റണി പൂതവേലിയും ആലുവ ഡിവൈഎസ്പി ഓഫീസിലെത്തി മൊഴി നൽകി. വ്യാജരേഖ കേസിൽ വൈദികരുടെ അറസ്റ്റ് തടയുകയും, ഒരാഴ്ചയ്ക്കുള്ളിൽ ചോദ്യംചെയ്യൽ പൂർത്തിയാക്കണമെന്ന് എറണാകുളം ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് തുടർച്ചയായി വൈദികരെ ചോദ്യം ചെയ്തു വരുന്നത്.