എറണാകുളം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം. എൻഫോഴ്‌സ്‌മെന്‍റ് രജിസ്റ്റർ ചെയ്ത കേസിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്. 60 ദിവസത്തിനുള്ളിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കർശന ഉപാധികളോടെ ജാമ്യം നല്‍കിയത്. ഒരു ലക്ഷം രൂപ ബോണ്ട് നൽകണം. എറണാകുളം ജില്ല വിടരുത്. സാക്ഷികളെ സ്വാധീനിക്കുകയോ അന്വേഷണത്തിൽ ഇടപെടുകയോ ചെയ്യരുത്. അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.
സ്വര്‍ണക്കടത്ത് കേസ്; സ്വപ്ന സുരേഷിന് ജാമ്യം
60 ദിവസത്തിനുള്ളിൽ എൻഫോഴ്‌സ്‌മെന്‍റ് കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കർശന ഉപാധികളോടെ ജാമ്യം നല്‍കിയത്
അറസ്റ്റ് രേഖപ്പെടുത്തി 72ാം ദിവസമായിരുന്നു സ്വപ്നക്കെതിരായ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. എന്നാൽ കുറ്റപത്രം സമർപ്പിച്ചതിന് ശേഷം ജാമ്യം നൽകരുതെന്ന വാദം നിലനിൽക്കില്ലന്ന് കോടതി വ്യക്തമാക്കി. തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായ സ്ഥിതിക്ക് ജുഡീഷ്യൽ കസ്റ്റഡി ആവശ്യമില്ലെന്നും കോടതി പറഞ്ഞു. കള്ളപ്പണ നിരോധന നിയമപ്രകാരം ഏഴ് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തിയ കേസിൽ 60 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകാത്ത സാഹചര്യത്തിലാണ് പ്രതിഭാഗം സ്വാഭാവിക ജാമ്യത്തിനായി വാദിച്ചത്. ജാമ്യാപേക്ഷ നൽകിയതറിഞ്ഞ് തിടുക്കത്തിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. ഇത് നിയമ വ്യവസ്ഥ പ്രതിക്ക് നൽകുന്ന അവകാശത്തെ ഹനിക്കലാണെന്നും സ്വപ്നയുടെ അഭിഭാഷകൻ വാദിച്ചിരുന്നു.
കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ സ്വാഭാവിക ജാമ്യത്തിന് അർഹതയില്ലെന്ന് ഇ.ഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ സൂര്യപ്രകാശ് വി രാജു വാദിച്ചു. സിആർപിസി 167 പ്രകാരം ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഇല്ലായെന്ന സാങ്കേതിക പ്രശ്നവും ഇ.ഡി ഉയർത്തിയിരുന്നു. പ്രതിയുടെ ജാമ്യം തടയാൻ അവസാന സമയം തിരക്കിട്ട് കുറ്റപത്രം സമർപ്പിച്ചും ജാമ്യാപേക്ഷയെ എതിർക്കാൻ അഡീഷണൽ സോളിസിറ്റർ ജനറലിനെ ഇറക്കിയും എൻഫോഴ്സ്മെന്‍റ് നടത്തിയ ശ്രമം വിജയിച്ചില്ല. അതേസമയം എൻഐഎ കേസിൽ റിമാന്‍ഡിൽ കഴിയുന്ന സ്വപ്ന സുരേഷിന് ജയിൽ മോചിതയാകാനാവില്ല. കോഫപോസ ചുമത്തിയതിനാൽ ഒരു വർഷം വരെ സ്വപ്നയെ കരുതൽ തടങ്കലിൽ വെക്കാനും കസ്റ്റംസിന് കഴിയും.