കേരളം

kerala

എം.ശിവശങ്കര്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍; ജാമ്യാപേക്ഷയില്‍ വിധി ചൊവ്വാഴ്‌ച

ഈ മാസം 26 വരെയാണ് കസ്‌റ്റഡി കാലാവധി.

By

Published : Nov 12, 2020, 5:42 PM IST

Published : Nov 12, 2020, 5:42 PM IST

Updated : Nov 12, 2020, 7:16 PM IST

M Sivasankar latest news  ശിവശങ്കര്‍ വാര്‍ത്തകള്‍  സ്വര്‍ണ്ണക്കടത്ത് വാര്‍ത്തകള്‍  സ്വപ്‌ന സുരേഷ്  ഇഡി അന്വേഷണം വാര്‍ത്തകള്‍
എം.ശിവശങ്കര്‍ ജുഡീഷ്യല്‍ കസ്‌റ്റഡില്‍; ജാമ്യാപേക്ഷയില്‍ വിധി ചൊവ്വാഴ്‌ച

എറണാകുളം:കള്ളപ്പണം വെളുപ്പിൽ നിരോധന നിയമപ്രകാരം എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ നവംബർ 26വരെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി റിമാൻഡ് ചെയ്തു. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ചൊവ്വാഴ്ച വിധി പറയും. ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന വാദത്തിന് ശേഷമാണ് കോടതി ജാമ്യഹർജി വിധി പറയാനായി മാറ്റിയത്.

സ്വപ്ന സുരേഷിന്‍റെ ലോക്കറിലെ പണം ശിവശങ്കറിന്‍റേത് തന്നെയാണന്ന് എൻഫോഴ്‌സ്‌മെന്‍റ് വാദിച്ചു. സ്വന്തം പണമായിരുന്നെങ്കിൽ സ്വപ്നയ്ക്ക് സ്വന്തമായി തന്നെ ലോക്കർ തുടങ്ങാമായിരുന്നു. കുറ്റക്യത്യത്തിലൂടെ ലഭിച്ച പണം ഒളിപ്പിക്കാൻ ശിവശങ്കർ സഹായിക്കുകയായിരുന്നു. ഇതിന് വേണ്ടിയാണ് ചാർട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാലിനോട് ലോക്കർ തുറക്കാൻ ശിവശങ്കർ പറഞ്ഞത്. സ്വർണ കള്ളക്കടത്ത് തുടങ്ങുന്നതിന് മുമ്പും സ്വപ്നയുമൊത്ത് ക്രിമിനൽ നടപടികളിൽ ശിവശങ്കർ പങ്കാളിയായിട്ടുണ്ട്. ദുബായ് ഭരണാധികാരി സ്വപ്നയ്ക്ക് 64 ലക്ഷം രൂപ നൽകിയെന്നത് കളവാണ്. കോൺസുലേറ്റിലെ ജീവനക്കാരി മാത്രമായിരുന്ന സ്വപ്നയ്ക്കെന്തിന് ഇത്രയധികം പണം ദുബൈ ഭരണാധികാരി നൽകണമെന്നും എൻഫോഴ്‌സ്‌മെന്‍റ് ചോദിച്ചു.

സർക്കാരിന്‍റെ പദ്ധതി രേഖകൾ ചോർത്തിയത് ഔദ്യോഗിക രഹസ്യ നിയമത്തിന്‍റെ ലംഘനമാണ്. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളും ശിവശങ്കറിനെതിരെ നില നിൽക്കും. കള്ളപ്പണം സൂക്ഷിക്കാൻ മൂന്നാമതും ലോക്കർ തുറക്കാൻ ശിവശങ്കർ സ്വപ്നയോട് ആവശ്യപ്പെട്ടിരുന്നു. കള്ളപ്പണം സൂക്ഷിക്കാൻ രണ്ട് ലോക്കർ മതിയാകാതെ വന്നതോടെയാണിതെന്നും ഇ.ഡി വാദിച്ചു. ശിവശങ്കറിനെതിരായ തെളിവുകൾ മുദ്രവെച്ച കവറിൽ എൻഫോഴ്‌സ്‌മെന്‍റ് കോടതിക്ക് കൈമാറി. മുദ്രവച്ച മൂന്ന് കവറുകളിലാണ് ഇ.ഡി.രേഖകൾ കൈമാറിയത്. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ജാമ്യം നൽകിയാൽ ശിവശങ്കർ തെളിവുകൾ നശിപ്പിക്കുമെന്നും ഇ.ഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ സൂര്യപ്രകാശ് രാജു പറഞ്ഞു.

ശിവശങ്കറിന് ഒരു പൈസയുടെയും അനധികൃത വരുമാനമില്ലന്ന് ശിവശങ്കറിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് രാമൻ പിള്ള പറഞ്ഞു. വരുമാനങ്ങൾക്ക് കൃത്യമായി നികുതി അടച്ചിട്ടുണ്ട്. ശിവശങ്കർ ആരോഗ്യ പ്രശ്നങ്ങൾ ഉള്ള വ്യക്തിയാണ്. ചികിത്സയ്ക്കിടെയാണ് അറസ്റ്റ് ചെയ്തത്. നിലവിൽ പതിനാല് ദിവസം ചോദ്യം ചെയ്തു കഴിഞ്ഞു. അന്വേഷണത്തോട് പൂർണമായും സഹകരിച്ചിട്ടുണ്ട്. മുദ്രവച്ച കവർ നൽകി ജാമ്യഹർജി നീട്ടാനാണ് ഇഡിയുടെ ശ്രമം. ഇത് ശരിയല്ലന്ന് ചിദംബരം കേസിൽ സുപ്രീം കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്ന് ശിവശങ്കറിന്‍റെ അഭിഭാഷകൻ ചൂണ്ടികാണിച്ചു.

ശിവശങ്കറിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം നിലനിൽക്കുമോയെന്ന സംശയം കോടതി പ്രകടിപ്പിച്ചു. ശിവശങ്കറിന് ആവശ്യമായ ആയുർവേദ ചികിത്സ ലഭ്യമാക്കാൻ കോടതി നിർദേശിച്ചു. എൻഫോഴ്‌സ്‌മെന്‍റ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കിയത്. ജാമ്യാപേക്ഷയിൽ വാദം പൂർത്തിയാക്കി വൈകുന്നേരം അഞ്ച് മണിയോടെയാണ് ശിവശങ്കറിനെ കാക്കനാട് ജയിലിലേക്ക് കൊണ്ടുപോയത്.

Last Updated : Nov 12, 2020, 7:16 PM IST

ABOUT THE AUTHOR

...view details