എറണാകുളം :സിറോ മലബാർ സഭ ഭൂമി ഇടപാട് കേസിൽ കർദ്ദിനാൾ മാ൪ ജോർജ് ആലഞ്ചേരിക്ക് താത്കാലിക ആശ്വാസം. കേസ് പരിഗണിക്കുന്ന കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ ഉടൻ നേരിട്ട് വിചാരണയ്ക്ക് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി വിധി. മാ൪ ജോർജ് ആലഞ്ചേരി നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.
സിറോ മലബാർ സഭ ഭൂമിയിടപാട് കേസിൽ ജൂലൈ 1ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി നേരിട്ട് ഹാജരാകണമെന്ന് കാക്കനാട് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ ആലഞ്ചേരി നൽകിയ ഹർജിയിലാണ് കീഴ്‌ക്കോടതിയിൽ ഉടൻ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. ഹർജി രണ്ടാഴ്‌ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
അതുവരെ മജിസ്ട്രേറ്റിന് മുൻപാകെ നേരിട്ട് ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ഇളവ് നൽകിയിരിക്കുന്നത്. തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും സഭയുടെ സുപ്രധാന ചുമതലകൾ വഹിക്കുന്നതിനാൽ ഇളവ് നൽകണം എന്നുമായിരുന്നു ഹർജിയിലെ ആവശ്യം. മെയ് 16നും നേരിട്ട് ഹാജരാകണമെന്ന് മജിസ്ട്രേറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും കർദ്ദിനാൾ എത്തിയിരുന്നില്ല.
നേരത്തെ സഭ ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട് കർദ്ദിനാളിനെതിരെ കാക്കനാട് കോടതി രജിസ്റ്റർ ചെയ്‌ത കേസ് നിലനിൽക്കുമെന്നും കർദ്ദിനാൾ ഉൾപ്പടെയുള്ളവർ വിചാരണ നേരിടണമെന്നും എറണാകുളം സെഷൻസ് കോടതി ഉത്തരവിട്ടിരുന്നു. ഇത് ഹൈക്കോടതിയും ശരിവച്ചിരുന്നു. കരുണാലയം ഭാരത് മാതാ കോളജ് പരിസരങ്ങളിലെ ഭൂമി വിൽപനയുമായി ബന്ധപ്പെട്ട കേസുകളിലാണ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി വിചാരണ നേരിടുന്നത്.