എറണാകുളം: മലയാളിക്ക് താടി എന്നും ഒരു വീക്ക്‌നസാണ്. ഒരു കാലത്ത് ബുദ്ധി ജീവികളുമായി ചേര്‍ത്ത് വച്ചിരുന്ന താടി ഇന്ന് കൂടുതലും വളര്‍ത്തുന്നത് യൂത്തന്മാരാണ്. ഇന്നിപ്പോള്‍ താടി സ്റ്റൈല്‍ സ്റ്റേറ്റ്മെന്‍റിന്‍റെ ഭാഗമാണ്. കേരള ബിയേർഡ് സൊസൈറ്റി പോലെ താടി വളര്‍ത്തുന്നവരുടെ നിരവധി കൂട്ടായ്‌മകളുമുണ്ട്.
രാജ്യത്തെ ഏറ്റവും നീളം കൂടിയ താടി എന്ന ബഹുമതി ഒരു മലയാളിയുടെ പേരിലാണ് രാജ്യത്തെ ഏറ്റവും നീളം കൂടിയ താടിക്കാരന്‍ ഒരു മലയാളിയാണ്. പേര് പ്രവീണ്‍ പരമേശ്വരന്‍. 'ടമാര്‍ പഠാര്‍', 'ഷെര്‍ലക് ഹോംസ്', 'ഇടി', 'ഗാനഗന്ധര്‍വന്‍' തുടങ്ങിയ മലയാള ചിത്രങ്ങളില്‍ അഭിനയിച്ച പ്രവീണ്‍ വർഷങ്ങൾക്ക് മുമ്പ് ഒരു ചിത്രത്തിലെ വേഷത്തിന് വേണ്ടിയാണ് താടിവളർത്തി തുടങ്ങിയത്. പിന്നെയത് ഹരമായി മാറി. കഴിഞ്ഞ ഒമ്പത് വർഷയായി വെട്ടിമാറ്റാതെ പരിപാലിക്കുകയാണ് താടി.
കാല്‍മുട്ട് വരെ നീണ്ട് കിടക്കുന്ന താടി
42 ഇഞ്ച് നീളമുള്ള താടിരോമത്തിൻ്റെ പരിപാലനത്തിനാണ് താനിപ്പോൾ ഏറ്റവും കൂടുതൽ പണം മുടക്കുന്നതെന്നും പ്രവീൺ പറയുന്നു. ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കുകയാണ് ലക്ഷ്യം. അതോടൊപ്പം അടുത്ത വർഷം ഓക് ലാൻ്റിൽ നടക്കുന്ന ലോക ബിയേർഡ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടണമെന്നതും പ്രവീണിന്‍റെ സ്വപ്‌നമാണ്.
ഇത്രയും നീളമുള്ള താടിയുടെ രഹസ്യമെന്തന്ന ചോദ്യത്തിന് പ്രവീണിന് ഒരു ഉത്തരം മാത്രം. തൻ്റെ ആഗ്രഹവും പ്രയത്നവും ഒത്തുചേർന്നപ്പോൾ സംഭവിച്ചതാണ്. എല്ലാവർക്കും ഇത്തരത്തിൽ താടിവളർത്താൻ കഴിയുമെന്നും പ്രവീണ്‍ പറയുന്നു.
ഇത്ര വലിയ താടിയുമായി ജീവിക്കുമ്പോൾ അതിൻ്റേതായ പ്രശ്‌നങ്ങള്‍ ഉണ്ട്. ആദ്യഘട്ടത്തിൽ പരിഹാസവാക്കുകൾ ഒരുപാട് കേട്ടിരുന്നു. ഇപ്പോഴത് കാര്യമാക്കാറില്ല. കാൽമുട്ട് വരെ നീണ്ട താടി കെട്ടിവെച്ച് ബസിലും ട്രൈനിലുമെല്ലാം യാത്ര ചെയ്യാറുണ്ട്. നീണ്ട താടിയുള്ളവരെ സംശയത്തോടെ നോക്കുന്ന സാഹചര്യം ഇപ്പോഴില്ലെന്നും പ്രവീണ്‍ പറയുന്നു.
Also read: ഇത് വെറും താടിയല്ല 'സേവന താടി'; ഇവര്‍ സമൂഹത്തിന് മാതൃകയാണ്