കേരളം

kerala

ETV Bharat / city

ഇതരസംസ്ഥാന തൊഴിലാളി ഭാര്യയേയും കുഞ്ഞിനെയും കൊലപ്പെടുത്തിയ കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു

2015 ഫെബ്രുവരി 25നായിരുന്നു നാടിനെ നടുക്കിയ ക്രൂര കൊലപാതകം നടന്നത്. പ്രതിക്ക് വേണ്ടി അഡ്വ.ബി എ ആളൂരാണ് കോടതിയിൽ ഹാജരായത്

പെരുമ്പാവൂരില്‍ ഇതരസംസ്ഥാന തൊഴിലാളി ഭാര്യയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു

By

Published : Jul 1, 2019, 10:20 PM IST

കൊച്ചി:അസം സ്വദേശി പെരുമ്പാവൂരിൽ ഭാര്യയേയും പിഞ്ചു കുഞ്ഞിനേയും കഴുത്തറത്ത് കൊന്ന കേസിൽ മൂവാറ്റുപുഴ അഡീഷണൽ സെഷൻസ് കോടതിയിൽ വിചാരണ നടപടികൾ ആരംഭിച്ചു. കേസിലെ പ്രധാന സാക്ഷി അസൈനാർ ഉൾപ്പടെ കോടതിയിൽ ഹാജരാകാതിരുന്ന നാല് സാക്ഷികൾക്കെതിരെ കോടതി വാറന്‍റ് പുറപ്പെടുവിച്ചു. വിചാരണ തുടർനടപടികൾക്കായി അടുത്ത ദിവസത്തേക്ക് മാറ്റി. 2015 ഫെബ്രുവരി 25നായിരുന്നു നാടിനെ നടുക്കിയ ക്രൂര കൊലപാതകം നടന്നത്. ആസാം സ്വദേശി അബ്ദുല്‍ ഹക്കിം ഭാര്യയേയും കുഞ്ഞിനേയും വെങ്ങോലയെന്ന പ്രദേശത്തെ വിജനമായ റബ്ബർ തോട്ടത്തിലെത്തിച്ച് കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. അസാം സ്വദേശിനി ഇരുപത്തിമൂന്നുകാരി മഹമൂദയും മൂന്ന് മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞുമാണ് കൊല്ലപ്പെട്ടത്.

ദൃക്സാക്ഷികളിലാത്ത കേസിൽ സാഹചര്യ തെളിവുകളും സാക്ഷിമൊഴികളും ആശ്രയിച്ചാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. പരസ്ത്രീകളുമായി മൊബൈൽ ഫോൺ വഴി ബന്ധം സ്ഥാപിച്ചതിനെ ഭാര്യ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യവും പരസ്ത്രീ ബന്ധത്തിനായി ഭാര്യയെയും കുഞ്ഞിനെയും ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയുമാണ്‌ പ്രതി ക്രൂരകൃത്യം നടത്തിയത്. നാട്ടിലേക്ക് പോകാമെന്ന് വിശ്വസിപ്പിച്ചാണ് ഇവർ താമസിച്ചിരുന്ന വാടക വീട്ടിൽ നിന്നും പ്രതി ഭാര്യയെയും കുഞ്ഞിനേയും വിജനമായ റബ്ബർ തോട്ടത്തിലെത്തിച്ച് കൊല നടത്തിയത്. നാല് വർഷത്തിന് ശേഷമാണ് മൂവാറ്റുപുഴ അഡീഷണൽ സെഷന്‍സ് കോടതിയിൽ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഇരട്ട കൊലക്കേസിൽ വിചാരണ നടപടികൾ ആരംഭിച്ചത്. പ്രതിക്ക് വേണ്ടി അഡ്വ.ബി എ ആളൂരാണ് കോടതിയിൽ ഹാജരായത്.

ABOUT THE AUTHOR

...view details