എറണാകുളം: വർഗീയ ചേരിതിരിവുണ്ടാക്കാനുള്ള ആർഎസ്എസ്-എസ്‌ഡിപിഐ ശ്രമത്തിന്‍റെ ഭാഗമാണ് ആലപ്പുഴയിലെ കൊലപാതകങ്ങളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേരളത്തെ ഞെട്ടിക്കുന്ന കൊലപാതകങ്ങളാണ് നടന്നത്. പരസ്‌പരം പാലൂട്ടി വളർത്തുന്ന രണ്ട് ശത്രുക്കൾ തമ്മിലുള്ളതും അതേസമയം വർഗീയ ചേരിതിരിവ് ലക്ഷ്യമിടുന്നതുമാണ് ഈ കൊലപാതകങ്ങൾ. സോഷ്യൽ എൻജിനീയറിങ് എന്ന ഓമന പേരിട്ട് മുഖ്യമന്ത്രി നടത്തുന്ന വർഗീയ പ്രീണനത്തിന്‍റെ ബാക്കിപത്രമാണിത്.
കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലം മുതൽ വർഗീയ ശക്തികളുമായി മാറി മാറി സിപിഎമ്മിനുള്ള ബന്ധമാണ് അപകടമായത്. ബിജെപിക്കാരും എസ്‌ഡിപിഐക്കാരും പ്രതിപ്പട്ടികയിലുള്ള കേസുകളിൽ കുറ്റവാളികളെ പിടിക്കാൻ പൊലീസിന് താൽപര്യമില്ല. സംസ്ഥാനത്ത് ഗുണ്ടകൾ അഴിഞ്ഞാടുന്നു. കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് നടക്കുന്നത്.